പൂനെ: കേന്ദ്ര പ്രതിരോധ
മന്ത്രി എ.കെ. ആന്റണി പൂനയിലെ പരേഡ് ചടങ്ങിനിടയില്‍ പങ്കെടുക്കുന്നതിനിടെ തലചുറ്റി
വീണു. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം
സ്വീകരിക്കുന്നതിനിടെയാണ് ആന്റണി തല ചുറ്റിവീണത്. ഉടന്‍ തന്നെ അടുത്തുളള സൈനികാശുപത്രിയില്‍
ആന്റണിയെ പ്രവേശിപ്പിച്ചു. ശരീരത്തിലെ ജലാംശം കുറഞ്ഞതു മൂലമാണ് തലചുറ്റലുണ്ടായതെന്ന്
ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്നും എന്നാല്‍ ആരോഗ്യനിലയില്‍
ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പരേഡിനിടെ സല്യൂട്ട് സ്വീകരിച്ചുകൊണ്ട്
ഏകദേശം ഒരുമണിക്കൂറോളം 68 കാരനായ ആന്റണിക്ക് നില്‍ക്കേണ്ടി വന്നതാണ് കുഴഞ്ഞ് വീഴാന്‍
കാരണമായത്. ഉടന്‍ അദ്ദേഹത്തിന്റെ കാറില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും
പരിപാടി പൂര്‍ത്തിയാക്കിയശേഷം ആശുപത്രിയില്‍ പോയാല്‍ മതിയെന്ന് ആന്റണി ആവശ്യപ്പെടുകയായിരുന്നു.
തന്റെ അസുഖം മൂലം പരിപാടിയില്‍ തടസം വരാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീടുളള
ചടങ്ങുകള്‍ ദൂരെ ഇരുന്ന് വീക്ഷിച്ച ശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോകാന്‍ കൂട്ടാക്കിയുളളു.
വിശദമായ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ആന്റണിക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചു.
എന്നാല്‍ വിശ്രമമില്ലാതെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതുകൊണ്ടുളള തളര്‍ച്ചയാണ്
അദ്ദേഹത്തിനെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടുതല്‍ ചികിത്സകള്‍ക്കായി അദ്ദേഹത്തെ
പൂനെയിലെ കാര്‍ഡിയാക്ക് ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. പരേഡിന് ശേഷം നടത്താനിരുന്ന
പത്രസമ്മേളനം മാറ്റിവച്ചു.
No comments:
Post a Comment