Saturday, May 31, 2008

ആന്റണി കുഴഞ്ഞ് വീണു

പൂനെ: കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി പൂനയിലെ പരേഡ് ചടങ്ങിനിടയില്‍ പങ്കെടുക്കുന്നതിനിടെ തലചുറ്റി വീണു. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുന്നതിനിടെയാണ് ആന്റണി തല ചുറ്റിവീണത്. ഉടന്‍ തന്നെ അടുത്തുളള സൈനികാശുപത്രിയില്‍ ആന്റണിയെ പ്രവേശിപ്പിച്ചു. ശരീരത്തിലെ ജലാംശം കുറഞ്ഞതു മൂലമാണ് തലചുറ്റലുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്നും എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പരേഡിനിടെ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ഏകദേശം ഒരുമണിക്കൂറോളം 68 കാരനായ ആന്റണിക്ക് നില്‍ക്കേണ്ടി വന്നതാണ് കുഴഞ്ഞ് വീഴാന്‍ കാരണമായത്. ഉടന്‍ അദ്ദേഹത്തിന്റെ കാറില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരിപാടി പൂര്‍ത്തിയാക്കിയശേഷം ആശുപത്രിയില്‍ പോയാല്‍ മതിയെന്ന് ആന്റണി ആവശ്യപ്പെടുകയായിരുന്നു. തന്റെ അസുഖം മൂലം പരിപാടിയില്‍ തടസം വരാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീടുളള ചടങ്ങുകള്‍ ദൂരെ ഇരുന്ന് വീക്ഷിച്ച ശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോകാന്‍ കൂട്ടാക്കിയുളളു. വിശദമായ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ആന്റണിക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചു. എന്നാല്‍ വിശ്രമമില്ലാതെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതുകൊണ്ടുളള തളര്‍ച്ചയാണ് അദ്ദേഹത്തിനെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടുതല്‍ ചികിത്സകള്‍ക്കായി അദ്ദേഹത്തെ പൂനെയിലെ കാര്‍ഡിയാക്ക് ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. പരേഡിന് ശേഷം നടത്താനിരുന്ന പത്രസമ്മേളനം മാറ്റിവച്ചു.


Saturday, May 24, 2008

'മന്‍മോഹന' സ്മരണകളുമായ് രാജയെത്തി

അട്ടാരി: ബാല്യകാല മധുര സ്മരണകളും പേറി രാജ തന്റെ പഴയകാല കളിക്കൂട്ടുകാരനെ കാണാന്‍ പാകിസ്താനില്‍ നിന്നും ഇന്ത്യയിലെത്തി. സുഹൃത്ത് ഇനി എത്ര വലിയവനായാലും തനിക്ക് ചെന്ന് കാണാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് രാജ പറയുന്നു.ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ ബാല്യകാല സുഹൃത്താണ് അദ്ദേഹത്തെ കാണാന്‍ സമ്മാനപൊതികളും മധുരസ്മരണകളുടെ ഭാണ്ഡകെട്ടും പേറി ഇന്ത്യയിലെത്തിയത്.മന്‍മോഹന്‍ സിംഗിന്റെ സഹപാഠിയായിരുന്ന രാജാ മുഹമ്മദ് അലി പാകിസ്താനിലെ ചാക്വല്‍ ജില്ലയില്‍ ഗാഹ് ഗ്രാമത്തില്‍ നിന്നുമാണ് ആറു ദശാബ്ദത്തിന് ശേഷം കളിക്കൂട്ടുകാരനെ കാണാനായി ഇന്ത്യയിലെത്തുന്നത്. അമൃതസറില്‍ നിന്നും ശതാബ്ദി എക്സ്പ്രസിലാണ് രാജ എത്തിയത്. പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിച്ചേരാനറിയാമോ എന്ന ചോദ്യത്തിന് തന്നെ ദൈവം നയിച്ചോളും എന്നായിരുന്നു രാജയുടെ മറുപടി. 'മോഹന'യെ കാണുമ്പോള്‍ താന്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമെന്നും ബാല്യകാലത്ത് മന്‍മോഹന്‍സിംഗ് മോഹന എന്നാണറിയപ്പെട്ടതെന്നും രാജ പറഞ്ഞു. കിന്നരികള്‍ പതിപ്പിച്ച പഞ്ചാബി ചെരുപ്പ്, പ്രധാനമന്ത്രി ജനിച്ചുവളര്‍ന്ന ഗ്രാമത്തില്‍ നിന്ന് ഒരു പാത്രം ശുദ്ധജലം, രണ്ട് പൊതി നിറയെ ഗാഹ് ഗ്രാമത്തിന്റെ ചൈതന്യം തുടിക്കുന്ന മണല്‍ത്തരികള്‍ തുടങ്ങി പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കാന്‍ നിരവധി 'വിലയേറിയ' സമ്മാനങ്ങളും അദ്ദേഹം കയ്യില്‍ കരുതിയിട്ടുണ്ട്. 1935 കാലയളവിലാണ് തങ്ങള്‍ ഒരുമിച്ച് പഠിച്ചിരുന്നതെന്നും മോഹ്ന €ാസിലെ അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നെന്നും മുഹമ്മദ് അലി ഒാര്‍ത്തെടുക്കുന്നു. കുട്ടിക്കാലത്ത് മോഹ്നയുടെ പോക്കറ്റ് നിറയെ എന്നും ഉണക്ക പഴവര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. മോഹ്ന €ാസിലിരുന്ന് പഠിക്കുന്ന സമയത്ത് മറ്റുളളവര്‍ പിറകിലൂടെ ചെന്ന് അവ തട്ടിപ്പറിക്കുമായിരുന്നു. എന്നാലും ആരോടും യാതൊരു അമര്‍ഷവും ഇല്ലാതെ എല്ലാവരേയും നോക്കി പുഞ്ചിരിക്കുക മാത്രമേ മന്‍മോഹന്‍ ചെയ്യുകയുളളൂ- രാജ തന്റെ പഴയകാല ഒാര്‍മ്മകള്‍ വിവരിച്ചു. പാകിസ്താനില്‍ കഴിയുന്ന മന്‍മോഹന്‍സിംഗിന്റെ മറ്റ് സുഹൃത്തുക്കളായ ഗുലാം മുഹമ്മദ്, ഷാ വാലി ഖാന്‍, മുഹമ്മദ് അഷ്റഫ് എന്നിവര്‍ തങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ രാജയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിലെ പ്രശ്നങ്ങള്‍ മൂലം തനിക്ക് കൂടുതല്‍ പഠിക്കാനായില്ലെന്നും മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ ഗ്രാമത്തില്‍ വലിയ ആഘോഷമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


വോണിന്റെ പുകവലി വിവാദത്തിലേക്ക്

പനാജി: ഐ.പി.എല്ലില്‍ നിരവധി വിവാദങ്ങള്‍ പുകയുമ്പോള്‍ കളിക്കളത്തിലെ വോണിന്റെ പുകവലി വിവാദമാകുന്നു. കളിക്കളത്തില്‍ പരസ്യമായി പുകവലിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്ടന്‍ ഷെയ്ന്‍ വോണ്‍ മാപ്പു പറയണമെന്ന് ദേശീയ പുകവലി നിര്‍മ്മാര്‍ജന സംഘടന ആവശ്യപ്പെട്ടു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ രാജസ്ഥാന്റെ മത്സരത്തിനിടെയാണ് വോണ്‍ ഗ്രൌണ്ടില്‍ നിന്ന് പരസ്യമായി പുകവലിച്ചത്. ഇത് സംബന്ധിച്ച് ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിക്കും ബിസിസിഐയ്ക്കും കത്തയച്ചതായി പുകവലി നിര്‍മ്മാര്‍ജന സംഘടന സെക്രട്ടറി ഡോ.ശേഖര്‍ സാല്‍ക്കര്‍ പറഞ്ഞു. വോണിനെപ്പോലെ രാജ്യാന്തരതലത്തില്‍ കളിക്കുന്ന ഒരാള്‍ ഐപിഎല്‍ പോലെ വളരെയധികം ആളുകള്‍ കാണുന്ന ഒരു കളിക്കിടെ പുകവലിച്ചത് അമ്പരപ്പുളവാക്കിയതായി ഡോ.ശേഖര്‍ പറഞ്ഞു. ഇല്ലാതെ വോണ്‍ നടത്തിയ പുകവലിയുടെ ചിത്രം മെയ് 21 ലെ ഒരു പത്രത്തില്‍ അച്ചടിച്ച് വരികയും ചെയ്തിരുന്നു. പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നത് ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ഐപിഎല്ലിന് ഇതിന് മാറ്റമൊന്നുമില്ലെന്ന് സംഘടന അറിയിച്ചു. വോണിന് താക്കീത് നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും മോഡിക്കയയ്ച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത സിഗററ്റ് പ്രേമിയായ വോണ്‍ വിദേശത്ത് നടക്കുന്ന മിക്ക മല്‍സരങ്ങള്‍ക്കിടയിലും പുകവലിക്കാറുണ്ട്.

Thursday, May 22, 2008

ഷേര്‍പ്പാ പതിനെട്ടാമതും എവറസ്റ്റില്‍

കാഡ്മണ്‍ഢു: ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കീഴടക്കുക എന്ന സ്വന്തം റിക്കോര്‍ഡ് നേപ്പാള്‍ സ്വദേശി ഷേര്‍പ്പാ വീണ്ടും തിരുത്തിക്കുറിച്ചു. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയുടെ നെറുകയില്‍ 18 പ്രാവശ്യമാണ് 47 കാരനായ അപ്പാ ഷേര്‍പ്പാ കയറിപ്പറ്റിയത്. തന്റെ കുടുംബത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാനും മക്കളെ സ്കൂളിലയക്കാനുമാണ് താന്‍ ഇത്തരമൊരു സാഹസത്തിന് മുതിരുന്നതെന്ന് ഷേര്‍പ്പാ പറഞ്ഞു. ഉപജീവന മാര്‍ഗത്തിനായി ചെറുപ്പത്തില്‍ ഷേര്‍പ്പാ എവറസ്റ്റ് കീഴടക്കാനെത്തുന്ന വിദേശീയര്‍ക്ക് വേണ്ടുന്ന സാധന സാമഗ്രികളും ചുമന്ന് അവരോടൊപ്പം എവറസ്റ്റില്‍ കയറാറുണ്ടായിരുന്നു. 8,850 മീറ്റര്‍ ഉയരമുളള കൊടുമുടിയില്‍ കയറാനായി അദ്ദേഹത്തോടൊപ്പം ഇത്തവണ നിരവധിപ്പേരുണ്ടായിരുന്നുവെന്ന് നേപ്പാള്‍ പര്‍വ്വാതാരോഹക അസോസിയേഷന്‍ വക്താക്കള്‍ അറിയിച്ചു. എവറസ്റ്റിന്റെ താഴ്വാര പ്രദേശത്ത് ജനിച്ചു വളര്‍ന്ന ഷേര്‍പ്പാ 1989 ലാണ് ആദ്യമായാണ് എവറസ്റ്റിന് മുകളില്‍ കയറിയത്. ഷേര്‍പ്പായ്ക്ക് തൊട്ടുപിന്നില്‍ 42 കാരനായ ച്യുവാംഗ് നിമയുമുണ്ട്. ഇദ്ദേഹം 15 തവണ എവറസ്റ്റില്‍ കയറി ഷേര്‍പ്പയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് രണ്ടാം സ്ഥാനത്താണ്. വ്യാഴാഴ്ച പ്രാദേശിക സമയം വെളുപ്പിന് 5.45 നാണ് ഷേര്‍പ്പാ 18 ാമതും 'മല ചവിട്ടിയത്'. ഷേര്‍പ്പാ കൈവരിച്ച ഇൌ നേട്ടം ഇവിടുത്തെ പര്‍വ്വതാരോഹകര്‍ക്കെല്ലാം അഭിമാനമേകുന്നുവെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ആംഗ് സെറിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കാലാവസ്ഥ അനുകൂലമായതിനാല്‍ നിരവധിപ്പേര്‍ ഇൌയാഴ്ച എവറസ്റ്റില്‍ സന്ദര്‍ശനം നടത്തി. വരും ദിവസങ്ങളില്‍ എവറസ്റ്റ് കീഴടക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കാനും ഇടയുണ്ട്. 1953 ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിംഗ് നോര്‍ഗെയും ആദ്യമായി എവറസ്റ്റ് കീഴക്കിയ ശേഷം ഏകദേശം 2500 പേര്‍ എവറസ്റ്റില്‍ കയറിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 200 ഒാളം പേര്‍ എവറസ്റ്റില്‍ വച്ച് പല കാരണങ്ങളാല്‍ മരണമടഞ്ഞിട്ടുണ്ട്.

Wednesday, May 21, 2008

മുകേഷ് അംബാനിയുടെ ശമ്പളം 44 കോടി


മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് വാര്‍ഷിക ശമ്പളമായി ലഭിച്ചത് 44 കോടി രൂപ. 2007,2008 നികുതി വര്‍ഷത്തിലെ ശമ്പളമായാണ് ഇത്രയും തുക നല്‍കിയതെന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ സ്വന്തം കമ്പനിയില്‍ നിന്ന് ലഭിച്ച ശമ്പളത്തേക്കാള്‍ പതിമൂന്നര കോടി രൂപ അധികമായാണ് ഇക്കൊല്ലം നല്‍കിയതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ശമ്പളവും മറ്റാനുകൂല്യങ്ങളും അടങ്ങുന്നതാണ് 44 കോടി രൂപ. ഇതോടെ ഒരുപക്ഷെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നയാള്‍ മുകേഷ് അംബാനിയാകും. അംബാനി കഴിഞ്ഞാല്‍ മദ്രാസ് സിമന്റ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.ആര്‍.ആര്‍ രാജയാണ് ഏറ്റവും കൂടുതല്‍ വാര്‍ഷിക ശമ്പളം കൈപ്പറ്റുന്നത്. ഇദ്ദേഹത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24.8 കോടി രൂപയാണ് ശമ്പളമിനത്തില്‍ ലഭിച്ചത്. ഇനിയും നിരവധി കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്നതേയുളളൂ.2002 ലാണ് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തിയത് . 2009 ഏപ്രില്‍ വരെയായിരുന്നു അദ്ദേഹത്തിന് അനുവദിച്ചിരുന്ന കാലാവധി. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി കാലാവധി നീട്ടിയിട്ടുണ്ട്. വരുമാനം, ലാഭം ലാഭവിഹിതം എന്നിവയില്‍ കമ്പനിയ പുതിയ റെക്കോര്‍ഡുകള്‍ കൈവരിച്ചതായി മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തും ലോക സമ്പന്നരുടെ പട്ടികയില്‍ 14 ആണ് അംബാനിയുടെ സ്ഥാനം.

Tuesday, May 20, 2008

എത്യോപ്യയില്‍ 60,000 കുട്ടികള്‍ മരണവുമായി മല്ലിടുന്നു

ആസിഡ് അബാബ: എത്യോപ്യയില്‍ അറുപതു ലക്ഷം കുട്ടികള്‍ മികച്ച ആഹാരം ലഭിക്കാതെ മരണത്തോട് മല്ലിടുന്നുവെന്നും അതിനാല്‍ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നും യുനിസെഫ് മുന്നറിയിപ്പു നല്‍കി. ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതു മൂലം ഇവിടുത്തെ വിളവ് മോശമായതിനാലാണ് എത്യോപ്യയില്‍ ഭക്ഷണ ദാരിദ്രം അനുഭവപ്പെട്ടത്. കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുളളില്‍ 23 കുട്ടികള്‍ മികച്ച ആഹാരം ലഭിക്കാതെ ഇവിടുത്തെ ആശുപത്രികളില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആശുപത്രികളില്‍ എത്തിക്കാനാവാതെ വീടുകളില്‍ വച്ചുതന്നെ മരണമടയുന്ന കുട്ടികളുടെ എണ്ണം അതിലേറെയുണ്ടാകാമെന്ന് കണക്ക് കൂട്ടപ്പെടുന്നു. കടുത്ത ദാരിദ്യ്രം അനുഭവിക്കുന്ന ഇവിടെ കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരണത്തോടടുക്കുന്നുവെന്ന മുന്നറിയിപ്പാണ് യുനിസെഫ് നല്‍കിയത്. വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ചൈനയിലെയും മ്യാന്‍മറിലെയും ദുരന്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ എത്യോപ്യയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങള്‍ പിന്‍തിരിഞ്ഞിരിക്കുന്നതും എത്യോപ്യക്കേറ്റ മറ്റൊരു തിരിച്ചടിയാണ്.ഇതുമൂലം എത്യോപ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തികയുന്നില്ലെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.എത്യോപ്യയിലെ ആവശ്യങ്ങള്‍ക്കായി 14.7 കോടി ഡോളറിന്റെ അടിയന്തര സഹായം ആവശ്യമാണെന്ന് ലോക ഭക്ഷ്യാരോഗ്യ സംഘടന വിലയിരുത്തുന്നു. 1,80,000 ടണ്‍ ഭക്ഷണത്തിന്റെ കുറവാണ് ഇപ്പോള്‍ എത്യോപ്യയില്‍ കണക്കാക്കിയിരിക്കുന്നത്. രണ്ടു മേഖലകളില്‍ 60,000 കുട്ടികള്‍ക്ക് ഉടന്‍ പ്രത്യേക ഭക്ഷണം നല്‍കിയില്ലെങ്കില്‍ അവര്‍ രക്ഷപെടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. പോഷകാഹാരക്കുറവു മൂലം കഷ്ടപ്പെടുന്ന കുട്ടികളുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തു വിട്ടു.ഒരു ആശുപത്രിയില്‍ മാത്രം അടിയന്തര ചികിത്സ നല്‍കിയതുമൂലം 250 കുട്ടികളെ രക്ഷപ്പെടുത്താനായെന്ന് മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്സ് വക്താവ് ഡേവിഡ് നൌഗ്വേര പറഞ്ഞു.എത്യോപ്യയിലെ ആവശ്യങ്ങള്‍ക്കായി 14.7 കോടി ഡോളറിന്റെ അടിയന്തര സഹായം ആവശ്യമാണെന്ന് ലോക ഭക്ഷ്യാരോഗ്യ സംഘടന വിലയിരുത്തുന്നു.

Saturday, May 17, 2008

ഷാരൂഖ് തന്റെ കാലുകളില്‍ നക്കിയിട്ടുണ്ടെന്ന് അമീര്‍ഖാന്‍

ബച്ചന്‍ ഷാരൂഖിനോട് മാപ്പ് പറഞ്ഞു
മുംബൈ: ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ എതിരാളികളെ തറപറ്റിക്കുന്നതിനായി കണ്ടെത്തിയിരിക്കുന്ന പുതിയ സംവിധാനമാണ് ബ്ളോഗിംഗ്. അവരവരുവരുടെ ബ്ളോഗില്‍ തങ്ങളുടെ എതിരാളികളെ കുറ്റപ്പെടുത്തി ലേഖനങ്ങള്‍ എഴുതുകയാണ് മിക്ക നടന്‍മാരുടേയും ഇപ്പോഴത്തെ ഹോബി.ഷാരൂഖ് തന്റെ കാലുകളില്‍ നക്കിയിട്ടുണ്ടെന്ന പരമാര്‍ശവുമായി അമീര്‍ഖാനാണ് തന്റെ ബ്ളോഗിലൂടെ ആദ്യ 'വെടി' പൊട്ടിച്ചത്. ഇൌ പരാമര്‍ശത്തിലൂടെ അമീറിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്നെഴുന്ന ബ്ളോഗിലേക്ക് നിരവധി ഹിറ്റുകള്‍ ലഭിച്ചുവെന്നത് സത്യമാണെങ്കിലും അത് ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അമീറിന്റെ ബ്ളോഗ് തുടര്‍ന്ന് വായിച്ചെങ്കില്‍ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയുളളൂ. ്അമീര്‍ ഖാന്‍ സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന നായക്ക് ഇട്ടിരിക്കുന്ന പേരാണ് ഷാരൂഖ്. എന്നാല്‍ ഇത്രയും വായിച്ചിട്ട് തന്നെ തെറ്റി ധരിക്കരുതെന്നും അമീര്‍ തന്റെ ബ്ളോഗില്‍ പറയുന്നു. താന്‍ തന്റെ നായയെക്കുറിച്ചാണ് പറഞ്ഞ് വരുന്നതെന്നും ഇത്തരമൊരു പേര് നായക്ക് നല്‍കിയത് താനല്ലെന്നും അമീര്‍ എഴുതുന്നു. ഗജിനി എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പരിക്കേറ്റ് വിശ്രമിക്കുന്ന സമയങ്ങളിലാണ് അമീര്‍ നേരമ്പോക്കുമായി രംഗത്തുവന്നത്. താന്‍ ഒരു പുതിയ വീടുവാങ്ങിയെന്നും ആ വീട്ടില്‍ പണ്ട് ഷാരൂഖ് ഖാന്‍ ഷൂട്ടിംഗിന് എത്തിയിരുന്നുവെന്നും അമീര്‍ പറയുന്നു. ഷാരൂഖ് ഷൂട്ടിംഗ് കഴിഞ്ഞ പോയ ശേഷം ഇൌ വീട്ടില്‍ വാങ്ങിയ പട്ടിക്കുട്ടിക്ക് പഴയ വീട്ടുടമ ഷാരൂഖ് എന്ന് പേരിടുകയായിരുന്നു. വീട് വാങ്ങിയപ്പോള്‍ ഷാരൂഖ് എന്ന നായയേയും സ്വന്തമാക്കാന്‍ അമീര്‍ മടിച്ചില്ല. ഇൌ നായയാണ് തന്റെ കാലുകളില്‍ നക്കാറുളളത് എന്ന് അമീര്‍ ബ്ളോഗില്‍ വിശദീകരിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ ചില ഉദ്ദേശ്യങ്ങള്‍ ഉണ്ടെന്ന് ഷാരൂഖ് ഖാനെക്കുറിച്ചുളള അമീറിന്റെ മുന്‍ പരാമര്‍ശങ്ങള്‍ കൂടി നിരീക്ഷിച്ചാല്‍ വ്യക്തമാകും. ഷാരൂഖ,് ബോളിവുഡിലെ രണ്ടാം സ്ഥാനത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചറിയണമെന്ന് നേരത്തെ അമീര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ താനാണ് മുന്നിലെന്നും ഷാരൂഖ് രണ്ടാം സ്ഥാനത്ത് മാത്രമാണെന്നുമാണ് അമീര്‍ ഇത്തരമൊരു പരാമര്‍ശത്തിലൂടെ ഉദ്ദേശിച്ചത്.അമീറിന്റെ ബ്ളോഗിലെ വായനക്കാരുടെ എണ്ണം കൂടിയതുകൊണ്ടാകാം സ്വന്തമായി ഒരു ബ്ളോഗ് തുടങ്ങാന്‍ അമിതാഭ് ബച്ചനും തീരുമാനിച്ചു. ഷാരൂഖ് ഖാന്‍ നടത്തുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോകള്‍ പോരെന്നായിരുന്നു ബച്ചന്‍ ബ്ളോഗില്‍ എഴുതിയത്. എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ ഷാരൂഖിന് വേനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു എന്ന് പറയാനുളള ആര്‍ജവമെങ്കിലും ബച്ചന്‍ കഴിഞ്ഞ ദിവസം കാട്ടുകയുണ്ടായി. എന്നാല്‍ താന്‍ ഇതൊക്കെ ഒരു തമാശയായി മാത്രമേ കാണുന്നുളളൂവെന്നാണ് ഷാരൂഖ് ഇതിനോടൊക്കെ പ്രതികരിച്ചത്.

Wednesday, May 14, 2008

'സ്ളീപ്പിംഗി'ന് ലഭിച്ചത് മൂന്നര കോടി ഡോളര്‍

ന്യൂയോര്‍ക്ക്: പ്രമുഖ ബ്രിട്ടീഷ് ചിത്രകാരനായ ലൂസിയന്‍ ഫ്രോയിഡ് വരച്ച ചിത്രം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം പോയി. ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ ഫ്രോയിഡിന്റെ 'ബെനിഫിറ്റ്സ് സൂപ്പര്‍വൈസര്‍ സ്ളീപ്പിംഗ്' എന്ന ചിത്രത്തിന് ഏകദേശം മൂന്നരകോടി ഡോളറിനാണ് ലേലത്തില്‍ പോയത്. ഒരു ജീവിച്ചിരിക്കുന്ന ചിത്രകാരന് തന്റെ ചിത്രത്തിലൂടെ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കുളള വേള്‍ഡ് റിക്കോര്‍ഡും ഇതോടെ ഫ്രോയിഡ് സ്വന്തമാക്കുകയായിരുന്നു. നഗ്നയായ തടിച്ച സ്ത്രീ സോഹയില്‍ കിടന്നുറങ്ങുന്നതായാണ് ബെനിഫിറ്റ്സ് സൂപ്പര്‍വൈസര്‍ സ്ളീപ്പിംഗിലൂടെ ഫ്രോയിഡ് വരച്ച് കാട്ടുന്നത്. 1995 ലാണ് ഫ്രൂയിഡ് തന്റെ അപൂര്‍വ്വ സൃഷ്ടി നടത്തിയത്. 33.6 മില്ല്യണ്‍ ഡോളറിനാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ ഫ്രോയിഡിന്റെ ചിത്രം സ്വന്തമാക്കിയത്. ജെഫ് കൂന്‍സിന്റെ 'ഹാന്‍ഗിംഗ് ഹാര്‍ട്ടി'നായിരുന്നു ഇതുവരെ ഏറ്റവും ഉയര്‍ന്ന ലേലതുകയുടെ വേള്‍ഡ് റിക്കോര്‍ഡ്. കഴിഞ്ഞ നവംബറില്‍ നടന്ന ലേലത്തില്‍ കൂന്‍സ് ലഭിച്ച 2 കോടി 36 ലക്ഷം ഡോളറായിരുന്നു. ലോക പ്രശ്സതനായിരുന്ന സൈക്കോ അനലിസ്റ്റ് സിഗ്മണ്ട് ഫ്രോയിഡിന്റെ ചെറുമകനാണ് 85 കാരനായ ലൂസിയന്‍ ഫ്രോയിഡ്. ഇന്നലെ നടന്ന മറ്റൊരു ലേലത്തില്‍ ഫ്രാന്‍സിസ് ബക്കോണിന്റെ ഒരു ചിത്രം 2.8 കോടി ഡോളറിന് വിറ്റു.

Tuesday, May 13, 2008

ജയ്പൂരില്‍ സ്ഫോടന പരമ്പര: 60 പേര്‍ കൊല്ലപ്പെട്ടു

ജയ്പൂരില്‍ സ്ഫോടന പരമ്പര: 60 പേര്‍ കൊല്ലപ്പെട്ടു
സ്ഫോടനത്തിന് പിന്നില്‍ ഹുജിയെന്ന് സംശയം
ജയ്പൂര്‍ : രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായ സ്ഫോടന പരമ്പരയില്‍ 60 ലേറെ കൊല്ലപ്പെടുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നിരവധിപ്പേരുടെ നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം സന്ധ്യക്ക് 7.40 നാണ് രാജസ്ഥാനെ വിറപ്പിച്ചുകൊണ്ട് എട്ട് സ്ഫോടനങ്ങള്‍ നടന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് എട്ട് സ്ഫോടനങ്ങളും ഉണ്ടായത്. സ്ഫോടനത്തിന് പിന്നില്‍ നിരോധിത സംഘടനയാ ഹര്‍ക്കുത്ത്-ഉല്‍-ജിഹാദി ഇസ്ളാമി (ഹുജി) ആണെന്നാണ് പ്രാഥമിക നിഗമനം. റാംപൂറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ കഴിഞ്ഞ പുതുവത്സരപ്പിറവിദിനത്തില്‍ നടന്ന സ്ഫോടനത്തിലും ഉത്തര്‍പ്രദേശില്‍ ഉണ്ടായ മൂന്ന് സ്ഫോടനപരമ്പരകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ബംാദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹുജി ആയിരുന്നു. സ്ഫോടനം നടത്തിയ രീതികള്‍ വിലയിരുത്തിയാണ് ജയ്പൂര്‍ സ്ഫോടനത്തിന് പിന്നിലും ഹുജിയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ജനത്തിരക്കേറിയ ഭാഗങ്ങളിലാണ് സ്ഫോടനമണ്ടായിരിക്കുന്നത്. ഇവിടുത്തെ ട്രിപോള ബസാറിനടുത്ത ഹനുമാന്‍ ക്ഷേത്രത്തിന് സമീപമാണ് ആദ്യ സ്ഫോടനം ഉണ്ടായത്. നിരവധി ഭക്തര്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കെത്തിയ സമയത്തായിരുന്നു സ്ഫോടനം. പിന്നീട് 15 മിനിറ്റിനുളളില്‍ മാനസ് ചൌക്ക്, ബഡി ചൌപാള്‍, ചോട്ടി ചൌപാള്‍, ജൊഹാരി ബസാര്‍ എന്നിവിടങ്ങളിലും സ്ഫോടനമുണ്ടാവുകയായിരുന്നു. കാറില്‍ ഒളിപ്പിച്ച് വച്ചിരുന്ന് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് യാതൊരുവിവരവും ലഭിച്ചിരുന്നില്ലെന്നും രാജസ്ഥാനില്‍ നടന്നത് ഭീകരാക്രമണമാണെന്നും ഡിജിപി എ.എസ് ഗില്‍ അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് നഗരങ്ങളിലെല്ലാം സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് പൊട്ടാതെ അവശേഷിച്ച ഒരു ബോംബ് നിര്‍വ്വീര്യമാക്കി. സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ ഏതാണെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. കഴിഞ്ഞ ആഴ്ച ജമ്മുവിലെ സാംബ മേഖലിയിലൂടെ തീവ്രവാദികള്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചതും രണ്ട് ദിവസം മുമ്പ് ജമ്മുവില്‍ നടന്ന തീവ്രവാദി അക്രമങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ഇതും ഒരു തീവ്രവാദി അക്രമമാകാനാണ് സാധ്യത. ജമ്മുവില്‍ അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുമ്പോള്‍ തീവ്രവാദി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇൌ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല.സംഭവത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അപലപിച്ചു. രാജസ്ഥാനിലേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രസംഘത്തെ അടിയന്തിരമായി അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ആക്രമണം ആസൂത്രിതമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ പറഞ്ഞു. ആക്രമണത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലും അപലപിച്ചു. ജയ്പൂര്‍ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മുംബൈയിലും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാജ്പേയിയുടെ ധൈര്യം അപാരം: കലാം


മുംബൈ: പൊഖ്റാനില്‍ അണുപരീക്ഷണത്തിന് അനുമതി നല്‍കിയ
അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് മുന്‍ പ്രസിന്റ് എ.പി.ജെ അബ്ദുള്‍ കലാം പറഞ്ഞു. പൊഖ്റാനില്‍ നടത്തിയ ആണവപരീക്ഷണത്തിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുന്‍ രാഷ്ട്രപതി. ഡിആര്‍ഡിഒയുടെ അന്നത്തെ മേധാവിയായിരുന്ന കലാമാണ് പൊഖ്റാന്‍ ആണവ പരീക്ഷണ സ്ഫോടനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രി പദത്തിലെത്തി ആഴ്ചകള്‍ക്കുള്ളിലാണ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായ ഇത്തരമൊരു തീരുമാനം വാജ്പേയി കൈക്കൊണ്ടത്. അത്തരമൊരു തീരുമാനം കൈക്കൊളളാന്‍ വാജ്പേയി കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് കലാം പറഞ്ഞു. 1991 ലെ ഉദാരവല്‍ക്കരണംപോലെ ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക മറ്റൊരു നിമിഷമായിരുന്നു പൊഖ്റാനില്‍ ഇന്ത്യ ആണവപരീക്ഷണം നടത്തിയതെന്ന് കലാം പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാര്‍ നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും കലാം അഭിപ്രായപ്പെട്ടു. ഭാവിയില്‍ അണുശക്തിയാകും ഇന്ത്യക്ക് വളരെയധികം ആശ്രയമായിവരികയെന്നും ഇതിനാവശ്യമായ യുറേനിയം ലഭിക്കാന്‍ ഉടമ്പടിവഴിയേ കഴിയൂ എന്നും കലാം ഒാര്‍മ്മിപ്പിച്ചു.

Saturday, May 10, 2008

ഹര്‍ഭജനെതിരെ കടുത്ത നടപടി വേണമെന്ന് പോണ്ടിംഗ്

ബ്രിസ്ബേന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്മത്സരത്തിനിടെ പഞ്ചാബ് കിംഗ്സ് താരം ശ്രീശാന്തിനെ തല്ലിയ സംഭവത്തില്‍ ബിസിസിഐയുടെ അച്ചടക്ക നടപടി നേരിടാനൊരുങ്ങുന്ന ഹര്‍ഭജന്‍സിംഗിനെതിരെ ഒാസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കിപോണ്ടിംഗ് ശക്തമായി രംഗത്തെത്തി. ഹര്‍ഭജനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെടുമെന്ന് പോണ്ടിംഗ് പറഞ്ഞു. ഹര്‍ഭജന് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയെ സമീപിക്കുമെന്നാണ് സൂചന.കഴിഞ്ഞ ആസ്ട്രേലിയന്‍ പര്യടനത്തിനിടയിലും ഹര്‍ഭജന്‍ വിവാദ നായകനായിരുന്നു. ആന്‍ഡ്രൂസൈമണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു ഹര്‍ഭജനെതിരെയുള്ള പ്രധാന ആരോപണം. ബി.സി.സി.ഐയുടെ ശക്തമായ സ്വാധീനത്തിലാണ് അന്ന് ഹര്‍ഭജന്‍ ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടത്. ഇൌ പശ്ചാത്തലത്തിലാണ് പോണ്ടിംഗ് ഹര്‍ഭജനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സഹ താരമായ ശ്രീശാന്തിന്റെ മുഖത്തടിച്ചതോടെ ഹര്‍ഭജന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണെന്ന് പോണ്ടിംഗ് പറഞ്ഞു. സംഭവത്തോടെ നാട്ടുകാരുടെ മുന്നിലും ഹര്‍ഭജന്, സ്വന്തം വില നഷ്ടപ്പെട്ടെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.ഹര്‍ഭജനെതിരെ ഒാസീസ് താരങ്ങളും ക്രിക്കറ്റ് ഒാസ്ട്രേലിയയും നടത്തിയ ആരോപണങ്ങള്‍ക്ക് ഇൌ സംഭവം കൂടുതല്‍ കരുത്ത് പകരുന്നതായി പോണ്ടിംഗ് അഭിപ്രായപ്പെട്ടു. ഒരേ ടീമില്‍ മൂന്ന് കൊല്ലത്തിലധികം കളിച്ച സഹ കളിക്കാരനേയാണ് ഹര്‍ഭജന്‍ അടിച്ചത്. ഹര്‍ഭജന്റെ പെരുമാറ്റ ദൂഷ്യത്തിന് ഇതിലധികം തെളിവ് വേണ്ട.ഒാസീസ് കളിക്കാരായ ആന്‍ഡ്രൂ സൈമണ്ട്സിനെതിരേയും, ഹെയ്ഡനെതിരേയും വംശീയാധിക്ഷേപം നടത്തിയ ഹര്‍ഭജനെതിരേ ശക്തമായ നടപടികളില്‍ എടുക്കുന്നതില്‍ നിന്നും ഐസിസിയെ ബിസിസിഐയുടെ ഇടപെടലാണ് വിലക്കിയത്. എന്നാല്‍, ഇപ്പോല്‍ നടപടി എടുക്കാന്‍ ബിസിസിഐ തന്നെ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു

2020 ല്‍ ഇന്ത്യ താമസത്തിന് ഏറ്റവും അനുയോജ്യമാകും: കലാം


കട്ടക്ക്: 2020 ആകമ്പോഴേക്കും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും താമസയോഗ്യമായ സ്ഥലമായി ഇന്ത്യ മാറുമെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം അഭിപ്രായപ്പെട്ടു. ഇത്തരമൊരു മാറ്റത്തിനായി യുവജനത പരിശ്രമിച്ചാല്‍ മതിയെന്ന് കലാം പറഞ്ഞു. നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ ഇത് സാധ്യമാണെന്നും അതിനായി കഠിനാധ്വാനം ചെയ്യണമെന്നും കലാം യുവ ജനതയോട് ആവശ്യപ്പെട്ടു. അത്തരമൊരു സമീപനം ഇന്ത്യയിലെ യുവജനത കൈക്കൊണ്ടാല്‍ 2020 ല്‍ ഇന്ത്യയെ പോലെ താമസയോഗ്യമായ ഒരു സ്ഥലം വേറെ ഉണ്ടാവില്ലെന്ന് കലാം പ്രത്യാശ പ്രകടിപ്പിച്ചു. സ്വപ്നങ്ങളെ ചിന്തകളാക്കുകയും ചിന്തകളെ പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. അപ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തില്‍ എത്തിച്ചേരാന്‍ വിദ്യാഭ്യാസം നമ്മെ സഹായിക്കും. രാവന്‍ഷ്വ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വച്ച് 50 ഒാളം വിദ്യാര്‍ത്ഥികളുടെ ബിരുദദാനവും കലാം നിര്‍വഹിച്ചു.പത്ത് മഹത്തായ ദര്‍ശനങ്ങളുളള ഒരു പുതിയ ഇന്ത്യയാണ് താന്‍ സ്വപ്നം കാണുന്നതെന്ന് കലാം അറിയിച്ചു. വരുന്ന പന്ത്രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുളള അന്തരം നേരിയതാകും. സയന്‍സ്, സാങ്കേതിക വിദ്യാ രംഗങ്ങളിലും ഉൌര്‍ജ ഉല്‍പ്പാദനത്തിലും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളിലും ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകും. പോഷകാഹാരക്കുറവ്, നിരക്ഷരത, തുടങ്ങിയവ പരിഹരിച്ചാല്‍ ഇവിടം സംരഭകര്‍, തൊഴില്‍ദാതാക്കള്‍, കര്‍ഷകര്‍ തുടങ്ങിയവരെ കൊണ്ട് നിറയുകയും ഫലത്തില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി മാറുകയും ചെയ്യും. രാവന്‍ഷ്വ യൂണിവേഴ്സിറ്റിയുടെ ചാന്‍സിലര്‍ കൂടിയായ ഒറീസാ ഗവര്‍ണര്‍ എം.സി ഭണ്ഡാരി ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയുമായി യുദ്ധത്തിനില്ലെന്ന് പാകിസ്ഥാന്‍

ഇസ്ളാമാബാദ്: കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുമായി ഇനിയൊരു യുദ്ധത്തിനില്ലെന്ന് പാകിസ്ഥാന്‍. പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ചൌധരി അഹമ്മദ് മുഖ്ത്യാറാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പ്രശ്നങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും എന്നാല്‍ ഇവയ്ക്കൊന്നും യുദ്ധം പരിഹാരമാകില്ലെന്നും ചൌധരി അറിയിച്ചു. പ്രമുഖ ടി.വി ചാനലായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഭക്ഷ്യ പ്രതിസന്ധി, എണ്ണ പ്രതിസന്ധി, വൈദ്യുതി പ്രശ്നം തുടങ്ങി ഇരു രാജ്യങ്ങളെയും ബാധിക്കുന്ന മറ്റ് ഒട്ടേറെ ക്കാര്യങ്ങളുണ്ട്. യുദ്ധത്തിലേര്‍പ്പെട്ടാല്‍ ഇൌ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിഇന്ത്യയുമായി ഇപ്പോള്‍ മുമ്പത്തേക്കാളേറെ നല്ല ബന്ധമാണുളളത്. ആ ബന്ധം കാത്തുസൂക്ഷിക്കാനായി എല്ലാവിധ നടപടികളും കൈക്കൊളളും. ഇരുരാജ്യങ്ങളും തമ്മിലുളള പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. ഇരു കൂട്ടരും കടുംപിടിത്തം ഉപേക്ഷിച്ച് വിട്ടുവീഴ്ചയ്ക്കു സന്നദ്ധത കാണിക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധങ്ങള്‍ ഇപ്പോള്‍ ഏറ്റവും മെച്ചപ്പെട്ട നിലയിലാണെന്നും ഡോണ്‍ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ചൌധരി അറിയിച്ചു. പരമ്പരാഗതമായ കടുംപിടിത്തങ്ങള്‍ക്ക് അയവ് നല്‍കി തുറന്ന മനസ്സോടെ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇരുകൂട്ടരും വിട്ട് വീഴ്ചക്കൊരുങ്ങുമെന്ന് ഉറപ്പാണ്. തങ്ങള്‍ക്കിപ്പോള്‍ യുദ്ധമല്ല ആവശ്യം- ചൌധരി വ്യക്തമാക്കി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുളള അതിര്‍ത്തിയില്‍ ഇപ്പോഴുളള പ്രശ്നങ്ങള്‍ കൂടാതെ കാര്യമായ സുരക്ഷ പ്രശ്നങ്ങള്‍ പാകിസ്ഥാന് ഇപ്പോഴില്ലെന്നും അഞ്ച് വര്‍ഷം മുമ്പുളള അവസ്ഥ അനുസരിച്ച് ഇപ്പോള്‍ പാകിസ്ഥാന്റെ പ്രതിരോധവകുപ്പ് സുശക്തവും സുരക്ഷിതവുമാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ചൌധരി അറിയിച്ചു. തീവ്രവാദത്തെ നേരിടുന്നതില്‍ രണ്ട് വര്‍ഷം മമ്പ് വരെ പാക് സൈന്യത്തിന് വീഴ്ച പറ്റിയിട്ടുണ്ട്. എന്നാല്‍ മികച്ച പരിശീലനം നേടിയ പാക് സൈന്യം ഇപ്പോള്‍ സുശക്തമാണ്. അഫ്ഗാനിസ്ഥിനില്‍ പാക് ബോര്‍ഡറില്‍ പ്രശ്നം സൃഷ്ടിക്കുന്ന അല്‍ ഖ്വയ്ദ പോരാളികള്‍ ധാരാളമുണ്ടെന്നും ഇവരുടെ നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരേയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് പാക് ലക്ഷ്യം. ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ ഒളിച്ച് കഴിയുന്നത് എന്ന പ്രചാരണം തെറ്റാണ്. പാകിസ്ഥാന്റെ ആണവശേഷിയെ കുറിച്ച് മറ്റ് രാജ്യങ്ങള്‍ ആവലതിപ്പെടേണ്ട കാര്യമില്ല. സുരക്ഷിത കരങ്ങളിലാണ് അതിന്റെ പ്രവര്‍ത്തനം.

വിജയകഥകളുമായി ലാലുപ്രസാദ് വിദേശത്തേക്ക്


ന്യൂഡല്‍ഹി: കേന്ദ്ര റയില്‍വേ വകുപ്പ് മന്ത്രി ലാലുപ്രസാദ് തന്റെ വിജയകഥകള്‍ വിദേശത്തെ ബിസിനസ് വിദ്യാര്‍ത്ഥികളുമായി പങ്കിടുന്നതിനായി ഇന്ന് യാത്ര തിരിക്കും. മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ബിസിനസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ലാലു പ്രസാദ് യാദവിന്റെ വിജയകഥകള്‍ പ്രചോദനമാവുക. റയില്‍വേ പോലുളള വകുപ്പുകളില്‍ നിന്ന് എങ്ങനെ ലാഭം കൊയ്യാമെന്ന ബിസിനസ് തന്ത്രങ്ങള്‍ വിദേശത്തെ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ലാലു ഉപദേശിക്കും. ഇന്ത്യയിലെ ഉയര്‍ന്ന ബിസിനസ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ ലാലു തന്റെ വിജയകഥകള്‍ പഠിപ്പിച്ചിരുന്നു. ഇൌ ഒരനുഭവം വിദേശത്ത് തനിക്ക് ഗുണകരമാകുമെന്ന് ലാലു കരുതുന്നു. കേന്ദ്ര റയില്‍വേ വകുപ്പിന് മികച്ച ലാഭം നേടിക്കൊടുക്കാന്‍ സാധിച്ചുവെന്നത് ലാലുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി വേണം കരുതാന്‍. കഴിഞ്ഞ വര്‍ഷം ലാലുവിന്റെ ബിസിനസ് തന്ത്രങ്ങളിലൂടെ റയില്‍വേയ്ക്ക് നേടാനായത് ഇരുപത്തായ്യിരം കോടിയുടെ ലാഭമാണ്. അന്ന് മുതലെ മിക്ക ബിസിനസുകാരും ലാലുവിന്റെ തന്ത്രങ്ങളില്‍ ശ്രദ്ധയൂന്നിത്തുടങ്ങി. സിംഗപ്പൂരിലെ ഏഷ്യന്‍ കാമ്പസില്‍ വച്ച് 350 എം.ബി.എ വിദ്യാര്‍ത്ഥികള്‍ക്ക് ലാലു €ാസ്സെടുക്കും. നേരത്തെ ഇവിടുത്തെ ഡീന്‍ ഫ്രാന്‍ങ്ക് ബ്രൌണും, കാമ്പസ് മേധാവി നാരായണ്‍ പാണ്ഡയും ഇന്ത്യയിലെത്തി ലാലുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റയില്‍വേയിലെ ബോര്‍ഡ് മെംമ്പര്‍മാരായ എസ്.എസ് ഖുരാന, എസ്.കെ വിജ് എന്നിവര്‍ മന്ത്രിയോടൊപ്പം വിദേശപര്യടനത്തില്‍ പങ്കെടുക്കുന്നുണ്ട്. സിംഗപ്പൂരിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെയ് 16 ന് ലാലുമലേഷ്യയിലേക്ക് പോകും. ഇവിടെ 103 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഇലക്ട്രിക് ഡബിള്‍ ട്രാക്ക് നിര്‍മ്മാണത്തിന് വേണ്ടിയുളള കരാറില്‍ മന്ത്രി ഒപ്പ് വയ്ക്കും. മലേഷ്യയിലെ ഇതിന്റെ നിര്‍മ്മാണം ഇന്ത്യന്‍ റെയില്‍വേയാണ് നിര്‍വഹിക്കുക. ഏകദേശം 4048 കോടിയുടെ കരാറാണിത്. ആദ്യമായിട്ടാണ് വിദേശത്ത് നിന്നും ഇത്രയും അധികം തുകയുടെ കരാര്‍ ഇന്ത്യന്‍ റയില്‍വേയ്ക്ക് ലഭിക്കുന്നത്. മലേഷ്യയിലെ സെറിംബനിലൂടെയാണ് പുതുതായി നിര്‍മ്മിക്കുന്ന പാദ കടന്ന് പോകുന്നത്. വിദേശ പര്യടനം പൂര്‍ത്തിയാക്കി 18 ന് മന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തും.

Friday, May 9, 2008

ഇന്തോ-പാക് അതിര്‍ത്തിയിയില്‍ വെടിവയ്പ്പ്

ശ്രീനഗര്‍: ഇന്ത്യാ -പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സാംബാ മേഖലയില്‍ ബിഎസ്എഫും പാക്ക് സൈന്യവും തമ്മില്‍ വെടിവെയ്പ്. പാക് നുഴഞ്ഞുകയറ്റ ശ്രമം തടയാന്‍ ശ്രമിച്ച ബിഎസ്എഫും പാക്ക് സൈന്യവും തമ്മിലാണ് വെളളിയാഴ്ച പുലര്‍ച്ചെ പരസ്പരം വെടിയുതിര്‍ത്തത്. സാംബയില്‍ നിയന്ത്രണ രേഖക്ക് സമീപം ഒരു സംഘം ആളുകള്‍ അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞ് കയാറാന്‍ ശ്രമിക്കുകയായിരുന്നു. ഇരു കൂട്ടരും തമ്മില്‍ ഏകദേശം 15 മിനിട്ടോളം വെടിയുതിര്‍ത്തതായി ബി.എസ്.എഫ് വക്താക്കള്‍ അറിയിച്ചു. 2003 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം കൈക്കൊണ്ട വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് പാക് സൈന്യവും ബി.എസ്.എഫും ഇന്നലെ പരസ്പരം വെടിയുതിര്‍ത്തത്. 2004 ല്‍ ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ സേനാ വിന്യാസത്തില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കെയാണ് ഇത്തരമൊരു നടപടി ഉണ്ടായത്. പാക് സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റം പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.എസ്.എഫ് നിരവധി പ്രാവശ്യം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റവും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും കാര്യമായ കുറവ് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്ന നുഴഞ്ഞ് കയറ്റ ശ്രമവും വെടിവയ്പ്പും വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായാണ് ചൂണ്ടിക്കാട്ടുന്നത്.എന്നാല്‍ ഇതേക്കുറിച്ച് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Wednesday, May 7, 2008

2017 ല്‍ സാമ്പത്തിക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാമതെത്തും


ന്യൂഡല്‍ഹി: 2017 ആകുമ്പോഴേക്കും സാമ്പത്തിക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലുളള കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധന ഇതാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിംഗ് രംഗത്തെ ഭീമന്‍മാരായ ബാര്‍€യ്സാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറപ്പെടുവിച്ചത്. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വ്യാപാര സാധ്യതകള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സാമ്പത്തിക രാജ്യങ്ങളെ ഇവിടങ്ങളില്‍ കൂടുതല്‍ നിക്ഷേപത്തിന് പ്രേരിപ്പിക്കും. ഇൌ രാജ്യങ്ങളില്‍ വരുന്ന പത്ത് വര്‍ഷത്തിനുളളില്‍ ഇനിയും നിരവധി കോടീശ്വരന്മാര്‍ രംഗപ്രവേശം ചെയ്യുമെന്നും അതിനാല്‍ ഇപ്പോഴുളള സാമ്പത്തിക രാജ്യങ്ങളും ഇന്ത്യയുടെ സമ്പത്തും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകൂ. 2017 ല്‍ ഇന്ത്യ, ചൈന, ബ്രസീല്‍, റഷ്യ എന്നിവ ലോകത്തെ ഏറ്റവും മികച്ച മാര്‍ക്കറ്റുകളാകും. സാമ്പത്തിക രംഗത്തെ വളര്‍ച്ചാ നിരക്കില്‍ ഇപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണുളളത്. അതിനാല്‍ 2017 ആകുമ്പോഴേക്കും സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ എട്ടാമതെത്തും. ഇപ്പോള്‍ ഏഴാം സ്ഥാനത്തുളള ചൈന രണ്ടാം സ്ഥാനത്ത് എത്തും. ഇപ്പോഴത്തെ 19 ാം സ്ഥാനത്ത് നിന്ന് റഷ്യ 11 ലേക്കും ബ്രസീല്‍ 15 ല്‍ നിന്ന് 12ാം സ്ഥാനത്തും എത്തും. ആസ്ട്രേലിയ, സൌത്ത് കൊറിയ, പോര്‍ട്ടുഗല്‍ തുടങ്ങിയ സാമ്പത്തിക രാജ്യങ്ങള്‍ ആദ്യ പത്തില്‍ നിന്ന് പുറത്താകും. ക്യാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നിവയാണ് കോടിശ്വരന്മാരുടെ എണ്ണത്തില്‍ ഇപ്പോള്‍ മുന്‍പന്തിയില്‍ ഉളളതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Saturday, May 3, 2008

മണ്ടേല ഇപ്പോഴും തീവ്രവാദ പട്ടികയില്‍


വാഷിങ്ടണ്‍: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ നെല്‍സണ്‍ മണ്ടേല ഇപ്പോഴും അമേരിക്കയുടെ തീവ്രവാദി പട്ടികയിലുണ്ടെന്ന് അമേരിക്കയിലെ ഒരു സെനറ്റര്‍ അറിയിച്ചു. മുന്‍പ് നിരോധിച്ചിരുന്ന സംഘടനയിലെ അംഗമായതിനാലാണ് നെല്‍സണ്‍ മണ്ടേല ഇപ്പോഴും തീവ്രവാദികളുടെ പട്ടികയില്‍ തുടരുന്നത്. അതിനാല്‍ മണ്ടേലക്ക് അമേരിക്കയില്‍ സന്ദര്‍ശനം നടത്താന്‍ പ്രത്യേക അനുമതി വേണം. 1970 -80 കാലയളവില്‍ ആഫ്രിക്ക ഭരിച്ചിരുന്ന വെളളക്കാരാണ് മണ്ടേല നേതൃത്വം നല്‍കിയ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ചത്. അന്ന് മുതല്‍ സംഘടനയില്‍പ്പെട്ട ആരേയും അമേരിക്കയുടെ പ്രത്യേക അനുവാദം ഇല്ലാതെ അമേരിക്കയില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിച്ചിട്ടില്ല.ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ (എഎന്‍സി) അംഗങ്ങളായതും ഇപ്പോള്‍ ഭരണരംഗത്തുള്ളതുമായ പല നേതാക്കളും ഇതേ തീവ്രവാദ പട്ടികയിലുണ്ട്.എഎന്‍സിയെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലീസ റൈസ് സെനറ്റ് കമ്മിറ്റിയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ടേലയുടെ പേര് ഇപ്പോഴും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വേദനാജനകമാണെന്ന് റൈസ് അഭിപ്രായപ്പെട്ടു. കൂടാതെ എഎന്‍സി അംഗങ്ങള്‍ക്ക് അമേരിക്കയില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് അനുവാദം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സൌത്ത് ആഫ്രിക്കയും അമേരിക്കയും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൂലൈ 18 ന് 90 ാം ജന്മദിനം ആഘോഷിക്കുന്ന മണ്ടേലയുടെ പേര് അതിന് മുമ്പ് തീവ്രവാദ ലിസ്റ്റില്‍ നിന്ന് മാറ്റുമെന്നറിയിന്നു.ദക്ഷിണാഫ്രിക്കന്‍ സാതന്ത്യ്രത്തിനായി പോരാടിയെ നെല്‍സണ്‍ മണ്ടേല 27 വര്‍ഷം ജയില്‍ വാസം അനുഭവിച്ചു. 1990 ലാണ് മണ്ടേല ജയില്‍ മോചിതനായത്. 1994 ല്‍ അദ്ദേഹം ആഫ്രിക്കയിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കര്‍ണ്ണാടകയില്‍ ഹൈടെക് പ്രചാരണം


മാംൂര്‍: ഇന്ത്യയിലെ ഐ.ടി ഹബായ മാംൂര്‍ ഉള്‍പ്പെടുന്ന കര്‍ണ്ണാടകയില്‍ ഹൈടെക് തെരഞ്ഞെടുപ്പ് പ്രചാരണ രീതികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നു. ഇവിടെയുളള ഐ.ടി വിദഗ്ധരായ വോട്ടര്‍മാരെ സ്വാധീനിക്കാനായാണ് പാര്‍ട്ടികള്‍ ഇ-പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ഫെയ്സ്ബുക്ക്, യു ടൂബ്, ഒാര്‍ക്കുട്ട് തുടങ്ങിയ വെബ്സൈറ്റുകാണ് സ്ഥാനാര്‍ത്ഥികള്‍ ഉന്നം വയ്ക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയുമാണ് ഇത്തരത്തില്‍ ഇ-പ്രചാരണ രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്.പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരു പാര്‍ട്ടികളും പ്രത്യേകം വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇതില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം സഹിതമുളള പൂര്‍ണ്ണ വിവരങ്ങളും വാഗ്ദാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ മൊബൈല്‍ നമ്പര്‍ സൈറ്റില്‍ ഉല്‍പ്പെടുത്തിയിട്ടുളളതിനാല്‍ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പ്രദേശത്തെ സ്ഥാനാര്‍ത്ഥികളുമായി എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാം.കുമാരസ്വാമിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രകളുടേയും പ്രംസഗങ്ങളുടേയും വീഡിയോ ദൃശ്യങ്ങള്‍ യു ടൂബിലൂടെ കാണാനാകും. വോട്ടര്‍മാരെ വീട്ടില്‍ ചെന്ന് കാണുന്നതോടൊപ്പം മൊബൈല്‍ ഫോണിലൂടെ വിളിച്ച് വരെ തങ്ങളുടെ വോട്ട് ഉറപ്പാക്കുന്ന സ്ഥാനാര്‍ത്ഥികളും കുറവല്ല. സ്ഥാനാര്‍ത്ഥികളുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളാണ് എങ്ങും. കുമ്മായവും ബ്രഷുമായി നീങ്ങുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഇവിടെ കാണാനേയില്ല.

വിവാദങ്ങളിലൂടെ ശ്രദ്ധേയമാകുന്ന ഐ.പി.എല്‍


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ വിവാദങ്ങളും കളിക്കാര്‍ തമ്മിലുളള പ്രശ്നങ്ങളും കൊണ്ട് ശ്രദ്ധേയമാകുന്നു. ഹര്‍ഭജന്‍ ശ്രീശാന്തിനെ അടിച്ച സംഭവത്തിന്റെ ചൂടാറും മുമ്പേ ഗാംഗുലിയും വോണും തമ്മില്‍ ഇടഞ്ഞതും വിവാദമായി. ഇതേ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ സൌരവ് ഗാംഗുലിക്കും രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്ടനും കോച്ചുമായ ഷെയ്ന്‍ വോണിനും മാച്ച് ഫീയുടെ പത്ത് ശതമാനം പിഴ ചുമത്തി. വ്യാഴാഴ്ച ഇരു ടീമുകളും തമ്മില്‍ നടന്ന മത്സരത്തിനിടയിലുണ്ടായ സംഭവ വികാസങ്ങളാണ് ഇരുവര്‍ക്കെതിരെയും പിഴ വിധിക്കാന്‍ കാരണമായത്. കളിക്കളത്തില്‍ മാന്യമായി പെരുമാറാതിരുന്നതിനും മത്സരം നിയന്ത്രിക്കുന്നവര്‍ക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിനുമാണ് ഇരുവര്‍ക്കെതിരേയും പിഴ ചുമത്താന്‍ തീരുമാനിച്ചത്.കഴിഞ്ഞ ദിവസം കളിക്കിടെ ഗ്രേയിം സ്മിത്ത് എടുത്ത ഗാംഗുലിയുടെ ക്യാച്ചുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. സ്ക്വയര്‍ ലെഗിലെ അംപയര്‍ ഗാംഗുലി ഒൌട്ടാണെന്ന് വിധിച്ചിരുന്നു. 49 റണ്‍സില്‍ നിന്നിരുന്ന ഗാംഗുലി തര്‍ക്കമുന്നയിക്കുകയും സ്മിത്ത് ക്യാച്ച് നിലത്തുനിന്നാണ് എടുത്തതെന്ന് വാദിക്കുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതിനെ തുടന്ന് അംപയര്‍ വിധി നിര്‍ണ്ണയിക്കാനായി തേര്‍ഡ് അംപയറിന് കൈമാറി. സംശയത്തിന്റെ ആനുകൂല്യം നല്‍കി മൂന്നാം അമ്പയര്‍ ഗാംഗുലി ഒൌട്ടല്ലെന്ന് വിധിക്കുകയായിരുന്നു. ഒരു കളിക്കാരന്റെ ആവശ്യ പ്രകാരം തീരുമാനം തേര്‍ഡ് അംപയറിന് നല്‍കിയ അംപയര്‍ പ്രതാപ് കുമാറിനെ ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും ചെയ്തു. ഹര്‍ഭജന്‍-ശ്രീശാന്ത് പ്രശ്നത്തിന് ശേഷമുണ്ടായ പുതിയ വിവാദത്തെ തുടര്‍ന്ന് മാച്ച് റെഫറി ഫറൂഖ് എന്‍ജിയനാണ് മൂവര്‍ക്കും പിഴ വിധിച്ചത്. ഗ്രേയിം സ്മിത്ത് എടുത്തത് കൃത്യമായ ക്യാച്ചായിരുന്നുവെന്നും ഗ്രൌണ്ടില്‍ ഉണ്ടായിരുന്ന രണ്ടാമത്തെ അംപയറിനോട് ആലോചിക്കാതെ വിധി നിര്‍ണയിക്കാനുളള അവകാശം തേര്‍ഡ് അംപയറിന് നല്‍കിയ പ്രതാപ് കുമാറിന്റെ തീരുമാനത്തെ ഷെയ്ന്‍ വോണ്‍ ഗ്രൌണ്ടില്‍ വച്ചുതന്നെ പരസ്യമായി ചോദ്യം ചെയ്തതാണ് ഷെയ്ന്‍ വോണിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. സംഭവങ്ങള്‍ക്ക് ശേഷം ഇരു ക്യാപ്ടന്മാരും നടത്തിയ പരസ്യ പ്രസ്താവനകളും വിവാദത്തിന് തിരികൊളുത്തി.അനാവശ്യമായി സമയം പാഴാക്കിയതിന് ഗാംഗുലിക്കെതിരെ പരാതി നല്‍കുമെന്നും വോണ്‍ നേരത്തെ അറിയിച്ചിരുന്നു. കളി തുടങ്ങി അഞ്ച് മിനിട്ടോളം ഗാംഗുലിക്കായി കാത്തുനില്‍ക്കേണ്ടി വന്നുവെന്നും ഷെയ്ന്‍ വോണ്‍ പറഞ്ഞു. എന്നാല്‍ തന്നെ പഠിപ്പിക്കാന്‍ ഷെയ്ന്‍ വോണ്‍ ആളായിട്ടില്ലെന്ന് ഗാംഗുലിയുടെ അഭിപ്രായം. വോണ്‍ ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ എന്തായിരുന്നു എന്ന് ആളുകള്‍ക്കറിയാമെന്നും ഗാംഗുലി പറഞ്ഞു. ഇതിനിടെ, ഗാംഗുലി ട്വന്റി-20 മത്സരത്തില്‍ നല്ല ക്യാപ്റ്റനല്ലെന്ന് ടീമംഗം കൂടിയായ ഉമര്‍ ഗുല്‍ പറഞ്ഞു. ഏകദിനത്തില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിഭിന്നമാണ് ട്വന്റി-20 യുടെ സ്വഭാവമെന്നും ഗുല്‍ പറഞ്ഞു.

Friday, May 2, 2008

ജന സ്വാധീനമുളള വ്യക്തികളില്‍ സോണിയാ, ടാറ്റ, ഇന്ദ്ര നൂയിം

ഹോംഗ്കോങ്: ലോകത്ത് ഏറ്റവും കൂടുതല്‍ ജന സ്വാധീനമുളള വ്യക്തികളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയും പെപ്സി കമ്പനിയുടെ സി.ഇ.ഒ ഇന്ദ്ര നൂയിം ഇടം നേടി. ഏറ്റവും കൂടുതല്‍ ജനസ്വാധീനമുളള പേരുടെ പേര് ടൈം മാഗസിനാണ് പുറത്ത് വിട്ടത്. ഇവരെ കൂടാതെ ചൈനീസ് ആത്മീയ നേതാവ് ദലൈലാമ, ചൈനീസ് പ്രസിഡന്റ് ഹുജിന്റാവോ എന്നിവരും ഉള്‍പ്പെടും. ചൈനീസ് ഇന്‍വെസ്റ്റമെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലോവ് ജിവെ, തായ്വാന്‍ പ്രസിഡന്റ് മാ ജിംഗ് ജിയോ, മ്യാന്മാറിലെ ആംഗ് സാന്‍ സൂ കി, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളയര്‍, വ്ളാഡിമിര്‍ പുടിന്‍, അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് എന്നിവരും ലിസ്റ്റില്‍ ഉണ്ട്.