Sunday, September 21, 2008

ചെറിയ മനുഷ്യനും വലിയ സുന്ദരിയും

ചൈന സ്വദേശിയായ ഹി പിംഗ്പിംഗിന് റഷ്യന്‍ സുന്ദരിയായ സ്വെറ്റ്ലാനയുടെ മുഖത്ത് നോക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിന് കാരണം മറ്റൊന്നുമല്ല. കാലുകള്‍ക്ക് മാത്രം നാലര അടി ഉയരമുളള സ്വെറ്റ്ലാനയുടെ മുഖത്ത് നോക്കാന്‍ രണ്ടര അടി മാത്രം ഉയരമുളള പിംഗിന് ഏറെപ്പണിപ്പെടേണ്ടിവരും. അത്രതന്നെ. ലണ്ടനിലെ ട്രഫാള്‍ഗര്‍ സ്ക്വയറിലാണ് ഉയരങ്ങളില്‍ വ്യത്യസ്തരായ ഇരുവരുടേയും കൂടിക്കാഴ്ചക്ക് വേദിയൊരുങ്ങിയത്. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ബുക്കിന്റെ 2009 എഡിഷന്റെ പ്രകാശന ചടങ്ങിലാണ് റിക്കോര്‍ഡ് ബുക്കില്‍ സ്ഥാനം പിടിച്ച ഇരുവരും ഫോട്ടോക്ക് പോസ് ചെയ്തത്. ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനാണ് 74 സെന്റിമീറ്റര്‍ മാത്രമുളള ഹി പിംഗ്പിംഗ്. ലോകത്തെ ഏറ്റവും നീളം കൂടിയ കാലുകളുടെ ഉടമയാണ് പാരീസില്‍ സ്ഥിരതാമസമാക്കിയ സ്വെറ്റ്ലാന. ഇരുവരേയും നിര്‍ത്തികൊണ്ട് ഒരു ചിത്രമെടുക്കാനായി ഇവിടെ തടിച്ചുകൂടിയ ഫോട്ടോഗ്രാഫര്‍മാര്‍ ഏറെ പണിപ്പെട്ടു. സ്വെറ്റ്ലാനയുടെ മുഖം ഫോക്കസ് ചെയ്യുമ്പോഴേക്കും കുഞ്ഞുമനുഷ്യനായ പിംഗ് ഫ്രെയിമില്‍ നിന്ന് ഒൌട്ടാകും. ഒടുവില്‍ ഫോട്ടോഗ്രാഫര്‍മാരുടെ ബുദ്ധിമുട്ട് മനസിലാക്കിയ സ്വെറ്റ്ലാന പിംഗിനെ മടിയില്‍ ഇരുത്തി ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു. 36 കാരിയായ റഷ്യന്‍ സുന്ദരിയുടെ മുട്ടിനൊപ്പം മാത്രമാണ് 20 കാരനായ പിംഗിന്റെ ഉയരം. ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം പേര്‍ തിരഞ്ഞ വ്യക്തിത്വം പോപ്പ് സ്റ്റാറായ ബ്രിട്ട്നി സ്പിയേഴ്സിന്റേതാണെന്നും റിക്കോര്‍ഡ് ബുക്കിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.

വാഹനാപകടങ്ങള്‍ക്ക് കാരണം മിനിസ്കേര്‍ട്ട്

സ്ത്രീകള്‍ മിനിസ്കേര്‍ട്ട് ധരിക്കുന്നതുകൊണ്ടാണ് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സാബാ ബുട്ടൂറോ. അതിനാല്‍ ഉടന്‍ തന്നെ ഇവിടെ മിനിസ്കേര്‍ട്ട് ധരിക്കുന്നത് നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഴിയോരങ്ങളില്‍ 'കുട്ടിപാവാട' ധരിച്ച് നടക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധപാളുന്നതിനാലാണ് അപകടം പെരുകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മിനിസ്കേര്‍ട്ട് ധരിച്ച് നടക്കുന്നത് നഗ്നമായി നടക്കുന്നതിന് തുല്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കംമ്പാലയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി നടത്തിയ പ്രസ്താവനകള്‍ വാര്‍ത്താലേഖകര്‍ക്കിടയില്‍ കൂട്ടച്ചിരി പടര്‍ത്തി. വാഹനമോടിക്കുന്നവരില്‍ പലരും മാനസികമായി ദുര്‍ബലന്മാരാണെന്നും അതിനാല്‍ അല്‍പ്പവസ്ത്ര ധാരിണികളെ കണ്ടാല്‍ അവരുടെ നിയന്ത്രണം വിടുമെന്നും മന്ത്രി അറിയിച്ചു. മാന്യമായി വസ്ത്രം ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും ബുട്ടൂറോ പറഞ്ഞു. എന്തായാലും മന്ത്രിയുടെ പ്രസ്താവനകള്‍ ഉഗാണ്ടയില്‍ വിവാദമായിരിക്കുകയാണ്. വസ്ത്രധാരണം വ്യക്തി താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കണമെന്ന വാദവുമായി നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Sunday, September 14, 2008

കരയാത്ത കുഞ്ഞിനെ വില്‍ക്കാനുണ്ട്

സ്വന്തം കുഞ്ഞിനെ വില്‍ക്കുന്നതിനായി ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയ മാതാപിതാക്കള്‍ പോലീസ് പിടിയിലായി. ജര്‍മ്മന്‍ സ്വദേശികളാണ് തമാശ രൂപേണ തങ്ങളുടെ എട്ട് മാസം പ്രായം വരുന്ന കുഞ്ഞിനെ വില്‍ക്കാനായി ഇന്റര്‍നെറ്റിലെ ഇ ബെ എന്ന വെബ് സൈറ്റില്‍ പരസ്യം നല്‍കിയത്. രാത്രി അധികം കരയാതെ സുഖമായ് ഉറങ്ങുന്ന എട്ട് മാസം പ്രായമുളള ആണ്‍ കുഞ്ഞിനെ വില്‍ക്കാനുണ്ടെന്നായിരുന്നു ജര്‍മ്മന്‍ ദമ്പതികള്‍ സൈറ്റില്‍ പരസ്യം നല്‍കിയത്. 1.58 ഡോളറായിരുന്നു ഇവര്‍ kകുട്ടിക്ക് പ്രതീക്ഷിച്ച വില. കുട്ടിയെ വാങ്ങാനായി നിരവധി ഒാഫറുകള്‍ ഇവരുടെ ഇമെയിലില്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ സംഗതിയുടെ തമാശയൊന്നും കണക്കാക്കാതെ പോലീസ് ദമ്പതികളെ അകത്താക്കുകയും കുട്ടിയുടെ സംരക്ഷണ ചുമതല ഒരു സംഘടനയെ ഏല്‍പ്പിക്കുകയും ചെയ്തതോടെ ദമ്പതികള്‍ വെട്ടിലാവുകയായിരുന്നു.

Wednesday, September 3, 2008

എണ്‍പത്തിനാലുകാരന് 86 ഭാര്യമാര്‍


നൈജീരിയ: നൈജീരിയന്‍ സ്വദേശിയായ മൊഹമ്മദ് ബെല്ലോ അബൂബക്കറിന് തന്റെ ഭാര്യമാര്‍ ആരൊക്കെയാണെന്ന് കൃത്യമായി ഒാര്‍മ്മയില്ല. കാരണം 84 കാരനായ ഇയാളുടെ ഭാര്യമാരുടെ എണ്ണം 86 ആണ്. ഇവരിലായി തനിക്ക് കുറഞ്ഞത് 170 മക്കള്‍ ഉണ്ടാകുമെന്ന് അബൂബക്കര്‍ പറയുന്നു.
നൈജീരിയയിലെ മതാചാര പ്രകാരം നാലില്‍ കൂടുതല്‍ ഭാര്യമാര്‍ പാടില്ല. അക്കാരണത്താല്‍ തന്നെ ഇവിടുത്തെ ജമാത്ത് നസ്രീല്‍ ഇസ്ളാം എന്ന സംഘടന ഇയാളെ വധശിക്ഷക്ക് വിധിച്ചു. എന്നാല്‍ 86 ഭാര്യമാരില്‍ നാല് പേരെ ഒഴികെ ബാക്കിയുളളവരെ മൊഴി ചൊല്ലാമെന്ന് അബൂബക്കര്‍ സമ്മതിച്ചതോടെ ഇയാളുടെ ശിക്ഷയില്‍ ഇളവ് ലഭിക്കുകയായിരുന്നു.

30 വര്‍ഷത്തില്‍ അധികമായി തന്റെ ഭാര്യമാര്‍ തന്നോടൊപ്പം താമസിക്കുകയാണെന്നും താന്‍ എങ്ങനെ അവരെ മൊഴി ചൊല്ലുമെന്നുമൊക്കെ അബൂബക്കര്‍ വാദിച്ചെങ്കിലും സംഘടന വിട്ട് കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഒടുവില്‍ നാല് പേരെ ഒഴികെയുളള 82 പേരെ മൊഴി ചൊല്ലാമെന്ന് അബൂബക്കര്‍ സമ്മതിച്ചു. എന്നാല്‍ ആരെയൊക്കെ ഒഴിവാക്കും എന്ന ആശയകുഴപ്പത്തിലാണ് അബൂബക്കറിപ്പോള്‍.

മാതാവ് ഉപേക്ഷിച്ച കുട്ടിയെ വളര്‍ത്തുനായ രക്ഷപ്പെടുത്തി

ബ്യൂണിസ് അയേഴ്സ്: സ്വന്തം മാതാവ് ഉപേക്ഷിച്ചുപോയ കുട്ടിയെ വളര്‍ത്തുനായ രക്ഷപ്പെടുത്തി വീട്ടില്‍ എത്തിച്ചു. അര്‍ജന്റീനയിലാണ് കൌതുകകരമായ ഇൌ സംഭവം അരങ്ങേറിയത്. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കടിച്ച് എടുത്ത് സ്വന്തം നായ്ക്കുട്ടികളോടൊപ്പം കിടത്തി നൊന്തുപ്രസവിച്ച മാതാവിന് തോന്നാത്ത സ്നേഹം കാട്ടിയ എട്ടുവയസുകാരി ലാച്ചിന എന്ന നായ വാര്‍ത്തകളില്‍ ഇടം പിടിച്ചു. സംഭവങ്ങള്‍ പുറം ലോകമറിഞ്ഞതോടെ ഷാന്റി പട്ടണത്തിലെ 14കാരിയാണ് അവിഹിത ഗര്‍ഭത്തില്‍ ഉണ്ടായ കുട്ടിയെ ഉപേക്ഷിച്ചതെന്ന് വെളിപ്പെടുത്തി. താന്‍ കുട്ടിയെ തുണിയില്‍പ്പൊതിഞ്ഞ് പാഴ്വസ്തുക്കളോടൊപ്പം കിടത്തി കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് 14 കാരി സമ്മതിച്ചു.

ഇവിടെ നിന്നും കുട്ടിയെ കണ്ടെത്തിയ നായ ഏകദേശം 50 മീറ്ററോളം ദൂരത്തിലുളള തന്റെ യജമാനന്റെ വീട്ടില്‍ എത്തിക്കുകയും അവിടെയുളള മറ്റ് നായ്ക്കുട്ടികളോടൊപ്പം കുഞ്ഞിനെ കിടത്തി ലാളിക്കുകയായിരുന്നു. നായ്ക്കുട്ടികളുടെ കരച്ചിലിനോടൊപ്പം മനുഷ്യകുഞ്ഞിന്റെ കരച്ചില്‍ കേട്ടതോടെയാണ് വീട്ടുകാരും സംഭവം അറിയുന്നത്. നൊന്ത് പ്രസവിച്ച സ്വന്തം മാതാവ് കാട്ടാത്ത സ്നേഹമാണ് നായ്ക്കുട്ടി കുഞ്ഞിനോട് കാട്ടിയതെന്ന് വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. 4 കിലോഗ്രാം തൂക്കം വരുന്ന കുട്ടിയെ യാതൊരു പോറലും ഏല്‍ക്കാതെയാണ് ലാച്ചിന വീട്ടില്‍ എത്തിച്ചത്.

ഒറ്റ പ്രസവത്തില്‍ 7 കുഞ്ഞുങ്ങള്‍

അലക്സാണ്ട്രിയ: ഇൌജിപ്ഷ്യന്‍ വനിതയായ ഖസാല ഖമീസ് ഒറ്റ പ്രസവത്തിലൂടെ ഏഴ് കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇവരില്‍ നാലുപേര്‍ ആണ്‍കുട്ടികളും മൂന്നുപേര്‍ പെണ്‍കുട്ടികളുമാണ്. അലക്സാണ്ട്രിയയിലെ എല്‍ ഷാത്ബി ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഏഴ് കുട്ടികളേയും പുറത്തെടുത്തത്. കുട്ടികള്‍ക്ക് 1.5 കിലോഗ്രാം മുല്‍ 2.8 കിലോ വരെ തൂക്കമുണ്ട്. കുട്ടികളെ ഇന്‍കുബേറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഇവര്‍ പൂര്‍ണ ആരോഗ്യം കൈവരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഖമീസിന് ആദ്യ പ്രസവങ്ങളിലൂടെ മൂന്ന് ആണ്‍കുട്ടികള്‍ ഉണ്ട്. ഇതോടെ ആകെ കുട്ടികളുടെ എണ്ണം പത്തായി.

Friday, August 15, 2008

അപൂര്‍വ്വയിനം പ്രാവിന് ലഭിച്ചത് രണ്ട് ലക്ഷം രൂപ

റസാല്‍ഖൈമ: റാസല്‍ഖൈമയില്‍ അപൂര്‍വ്വയിനം പ്രാവിന് ലഭിച്ചത് 18,000 ദിര്‍ഹം (ഏകദേശം രണ്ട് ലക്ഷം രൂപ). 26 കാരനായ അബ്ദുള്‍ കസീനാണ് ബുഫോതാഫ് എന്ന വെളളി നിറത്തിലുളള അപൂര്‍വ്വയിനം പ്രാവിനെ ഇത്രയധികം വിലക്ക് വിറ്റത്.
യു.എ.ഇയില്‍ പ്രാവുകളുടെ വില്‍പ്പനക്ക് നല്ല സാധ്യതകളാണുളളത്.


ഇവിടുത്തെ സ്വദേശികളുടെ മുഖ്യ വിനോദങ്ങളില്‍ ഒന്നാണ് പ്രാവ് പറത്തല്‍ എന്നും അവര്‍ക്ക് പ്രാവുകളെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഉണ്ടെന്നും കസീന്‍ പറഞ്ഞു. യു.എ.ഇ യിലെ മിക്ക സ്വദേളികളുടെ വീട്ടിലും പ്രാവുകളെ പറത്താനായി പ്രത്യേകയിടം നിര്‍മ്മിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രാവിനെ വില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ച ശേഷം നിരവധി ഫോണ്‍ കോളുകളാണ് ലഭിച്ചതെന്നും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിറ്റിരുന്നെങ്കില്‍ ഒരു പക്ഷേ ഇതിലധികം വില ലഭിക്കുമായിരുന്നുവെന്നും കസീന്‍ വെളിപ്പെടുത്തി. പ്രാവുകളുടെ വ്യാപാരം യു.എ.ഇ യിലെ മറ്റേതൊരു ബിസിനസിനേക്കാളും മികച്ചതാണ്. ഇവയുടെ വിലക്ക് കുറവ് വരില്ല. ബുഫോതാഫ് ഇനത്തില്‍പ്പെട്ട പ്രാവുകളുടെ അമിത സൌന്ദര്യവും ആരേയും ആകര്‍ഷിക്കുന്ന വെളളി നിറവുമാണ് അവയ്ക്ക് ഇത്രയും വില നേടിക്കൊടുക്കുന്നത്- കസീന്‍ പറഞ്ഞു. റാസല്‍ഖൈമയിലെ യുവതലമുറയിലും പ്രാവ് പറത്തല്‍ ഹരമായി കൊണ്ടിരിക്കുകയാണ്.