Saturday, May 10, 2008

ഇന്ത്യയുമായി യുദ്ധത്തിനില്ലെന്ന് പാകിസ്ഥാന്‍

ഇസ്ളാമാബാദ്: കാശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയുമായി ഇനിയൊരു യുദ്ധത്തിനില്ലെന്ന് പാകിസ്ഥാന്‍. പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ചൌധരി അഹമ്മദ് മുഖ്ത്യാറാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പ്രശ്നങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും എന്നാല്‍ ഇവയ്ക്കൊന്നും യുദ്ധം പരിഹാരമാകില്ലെന്നും ചൌധരി അറിയിച്ചു. പ്രമുഖ ടി.വി ചാനലായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഭക്ഷ്യ പ്രതിസന്ധി, എണ്ണ പ്രതിസന്ധി, വൈദ്യുതി പ്രശ്നം തുടങ്ങി ഇരു രാജ്യങ്ങളെയും ബാധിക്കുന്ന മറ്റ് ഒട്ടേറെ ക്കാര്യങ്ങളുണ്ട്. യുദ്ധത്തിലേര്‍പ്പെട്ടാല്‍ ഇൌ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിഇന്ത്യയുമായി ഇപ്പോള്‍ മുമ്പത്തേക്കാളേറെ നല്ല ബന്ധമാണുളളത്. ആ ബന്ധം കാത്തുസൂക്ഷിക്കാനായി എല്ലാവിധ നടപടികളും കൈക്കൊളളും. ഇരുരാജ്യങ്ങളും തമ്മിലുളള പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. ഇരു കൂട്ടരും കടുംപിടിത്തം ഉപേക്ഷിച്ച് വിട്ടുവീഴ്ചയ്ക്കു സന്നദ്ധത കാണിക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധങ്ങള്‍ ഇപ്പോള്‍ ഏറ്റവും മെച്ചപ്പെട്ട നിലയിലാണെന്നും ഡോണ്‍ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ചൌധരി അറിയിച്ചു. പരമ്പരാഗതമായ കടുംപിടിത്തങ്ങള്‍ക്ക് അയവ് നല്‍കി തുറന്ന മനസ്സോടെ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇരുകൂട്ടരും വിട്ട് വീഴ്ചക്കൊരുങ്ങുമെന്ന് ഉറപ്പാണ്. തങ്ങള്‍ക്കിപ്പോള്‍ യുദ്ധമല്ല ആവശ്യം- ചൌധരി വ്യക്തമാക്കി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുളള അതിര്‍ത്തിയില്‍ ഇപ്പോഴുളള പ്രശ്നങ്ങള്‍ കൂടാതെ കാര്യമായ സുരക്ഷ പ്രശ്നങ്ങള്‍ പാകിസ്ഥാന് ഇപ്പോഴില്ലെന്നും അഞ്ച് വര്‍ഷം മുമ്പുളള അവസ്ഥ അനുസരിച്ച് ഇപ്പോള്‍ പാകിസ്ഥാന്റെ പ്രതിരോധവകുപ്പ് സുശക്തവും സുരക്ഷിതവുമാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ചൌധരി അറിയിച്ചു. തീവ്രവാദത്തെ നേരിടുന്നതില്‍ രണ്ട് വര്‍ഷം മമ്പ് വരെ പാക് സൈന്യത്തിന് വീഴ്ച പറ്റിയിട്ടുണ്ട്. എന്നാല്‍ മികച്ച പരിശീലനം നേടിയ പാക് സൈന്യം ഇപ്പോള്‍ സുശക്തമാണ്. അഫ്ഗാനിസ്ഥിനില്‍ പാക് ബോര്‍ഡറില്‍ പ്രശ്നം സൃഷ്ടിക്കുന്ന അല്‍ ഖ്വയ്ദ പോരാളികള്‍ ധാരാളമുണ്ടെന്നും ഇവരുടെ നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരേയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് പാക് ലക്ഷ്യം. ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ ഒളിച്ച് കഴിയുന്നത് എന്ന പ്രചാരണം തെറ്റാണ്. പാകിസ്ഥാന്റെ ആണവശേഷിയെ കുറിച്ച് മറ്റ് രാജ്യങ്ങള്‍ ആവലതിപ്പെടേണ്ട കാര്യമില്ല. സുരക്ഷിത കരങ്ങളിലാണ് അതിന്റെ പ്രവര്‍ത്തനം.

No comments: