Saturday, May 10, 2008

2020 ല്‍ ഇന്ത്യ താമസത്തിന് ഏറ്റവും അനുയോജ്യമാകും: കലാം


കട്ടക്ക്: 2020 ആകമ്പോഴേക്കും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും താമസയോഗ്യമായ സ്ഥലമായി ഇന്ത്യ മാറുമെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം അഭിപ്രായപ്പെട്ടു. ഇത്തരമൊരു മാറ്റത്തിനായി യുവജനത പരിശ്രമിച്ചാല്‍ മതിയെന്ന് കലാം പറഞ്ഞു. നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ ഇത് സാധ്യമാണെന്നും അതിനായി കഠിനാധ്വാനം ചെയ്യണമെന്നും കലാം യുവ ജനതയോട് ആവശ്യപ്പെട്ടു. അത്തരമൊരു സമീപനം ഇന്ത്യയിലെ യുവജനത കൈക്കൊണ്ടാല്‍ 2020 ല്‍ ഇന്ത്യയെ പോലെ താമസയോഗ്യമായ ഒരു സ്ഥലം വേറെ ഉണ്ടാവില്ലെന്ന് കലാം പ്രത്യാശ പ്രകടിപ്പിച്ചു. സ്വപ്നങ്ങളെ ചിന്തകളാക്കുകയും ചിന്തകളെ പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. അപ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തില്‍ എത്തിച്ചേരാന്‍ വിദ്യാഭ്യാസം നമ്മെ സഹായിക്കും. രാവന്‍ഷ്വ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വച്ച് 50 ഒാളം വിദ്യാര്‍ത്ഥികളുടെ ബിരുദദാനവും കലാം നിര്‍വഹിച്ചു.പത്ത് മഹത്തായ ദര്‍ശനങ്ങളുളള ഒരു പുതിയ ഇന്ത്യയാണ് താന്‍ സ്വപ്നം കാണുന്നതെന്ന് കലാം അറിയിച്ചു. വരുന്ന പന്ത്രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുളള അന്തരം നേരിയതാകും. സയന്‍സ്, സാങ്കേതിക വിദ്യാ രംഗങ്ങളിലും ഉൌര്‍ജ ഉല്‍പ്പാദനത്തിലും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളിലും ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകും. പോഷകാഹാരക്കുറവ്, നിരക്ഷരത, തുടങ്ങിയവ പരിഹരിച്ചാല്‍ ഇവിടം സംരഭകര്‍, തൊഴില്‍ദാതാക്കള്‍, കര്‍ഷകര്‍ തുടങ്ങിയവരെ കൊണ്ട് നിറയുകയും ഫലത്തില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി മാറുകയും ചെയ്യും. രാവന്‍ഷ്വ യൂണിവേഴ്സിറ്റിയുടെ ചാന്‍സിലര്‍ കൂടിയായ ഒറീസാ ഗവര്‍ണര്‍ എം.സി ഭണ്ഡാരി ചടങ്ങില്‍ പങ്കെടുത്തു.

No comments: