Sunday, April 20, 2008

ജോധാ അക്ബറിലൂടെ അക്ബറിനെ അവഹേളിച്ചെന്ന് മുഗള്‍ രാജവംശം


ദുബായ്: ജോധാ അക്ബര്‍ എന്ന ബോളിവുഡ് ചലച്ചിത്രം ചരിത്രത്തെ വളച്ചൊടിച്ചിരിക്കുകയാണെന്നും ഇതിനെതിരെ താന്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തെന്നും മുഗള്‍ രാജവംശത്തിന്റെ പിന്തുടര്‍ച്ചക്കാരനായ യാക്കൂബ് സിയായുദീന്‍ ടൂസി രാജകുമാരന്‍ അറിയിച്ചു. ദുബായില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഇവിടുത്തെ മാധ്യമങ്ങളെ അറിയിച്ചതാണിക്കാര്യം. ചലച്ചിത്രത്തില്‍ ചില ഗുരുതരമായ തെറ്റുകള്‍ വന്നിട്ടുണ്ടെന്ന് യാക്കൂബ് രാജകുമാരന്‍ പറഞ്ഞു. ഇന്ത്യയിലെ മുഗള്‍ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന ബഹാദൂര്‍ ഷാ സഫറിന്റെ രാജകുടുംബത്തിലെ ആറാം തലമുറക്കാരനാണിദ്ദേഹം.
അക്ബര്‍ രാജകുമാരനും ജോധാ രാജകുമാരിയും തമ്മിലുളള പ്രണയകഥയാണ് ജോധാ അക്ബര്‍ എന്ന ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ജോധാ രാജകുമാരി അക്ബറിന്റെ മകനും ജഹാംഗീര്‍ രാജാവുമായിരുന്ന സലിം രാജകുമാരന്റെ ഭാര്യയാണെന്ന കാര്യം ചിത്രത്തിന്റെ അണിയറ ശില്‍പ്പികള്‍ക്ക് അറിയില്ലെന്ന് യാക്കൂബ് രാജകുമാരന്‍ ആരോപിച്ചു. ഇതിലൂടെ അക്ബറിനോടുളള കടുത്ത അനാദരവാണ് പ്രകടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രം പഠിക്കാതെ ചരിത്രത്തെ വളച്ചൊടിച്ച് പണമുണ്ടാക്കാന്‍ മാത്രമാണ് ചിത്രത്തിന്റെ ശില്‍പ്പികള്‍ തുനിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ''ഞങ്ങള്‍ മുഗള്‍ രാജവംശത്തിന്റെ പിന്തുടര്‍ച്ചക്കാരാണ്. ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല.'' അദ്ദേഹം പറഞ്ഞു.
അക്ബര്‍ രാജാവിന് നാല് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വിവാഹങ്ങള്‍ നടന്നത് 14 നും 20 നും ഇടയ്ക്കുളള പ്രായത്തിലാണെന്നും അദ്ദേഹത്തിന്റെ ആദ്യത്തെ രാജ്ഞി റൂഗിയാ ബീഗമായിരുന്നുവെന്നും നാലാമത്തെ ഭാര്യ ഹര്‍ഖാ ഭായിയാണെന്നും യാക്കൂബ് രാജകുമാരന്‍ വ്യക്തമാക്കി.
''അക്ബര്‍ രാജാവ് ഒരിക്കലും ജോധ്പൂറിലെ ഉദയ് സിഗ് രാജയുടെ മകളായ ജോധയെ വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍ ജോധാ അക്ബര്‍ എന്ന ചിത്രത്തില്‍ ജോധയെ അക്ബര്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ മുഗള്‍ രാജവംശവും രജ്പുത്തും തമ്മില്‍ കടുത്ത ശത്രുതയിലാണെന്നാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതും ശുദ്ധ മണ്ടത്തരമാണ്. ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന അക്ബറിന്റെ ഭരണകാലത്ത് ഇരുകൂട്ടരും തമ്മില്‍ കടുത്ത സൌഹൃദത്തിലായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ പണം ഉണ്ടാക്കാനായാണ് ഇത്തരം വളച്ചൊടിക്കല്‍ നടത്തിയിരിക്കുന്നത്. ഇത്തരം ചിത്രത്തങ്ങള്‍ വരും തലുമുറയ്ക്ക് ചരിത്രത്തെക്കുറിച്ച് അസംബന്ധ ധാരണകള്‍ നല്‍കുകയേയുളളൂ. ഇത്തരക്കാര്‍ക്കെതിരെ പരാതി നല്‍കിയില്ലെങ്കില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെക്കുറിച്ച് പോലും പ്രണയ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടും''.യാക്കൂബ് രാജകുമാരന്‍ അഭിപ്രായപ്പെട്ടു.
ഹൃത്വിക് റോഷനും ഐശ്വര്യാ അഭിഷേകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും അഷുതോഷ് ഗൌരിക്കറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
മുഗള്‍ രാജകുടുംബത്തിലെ 50 ഒാളം പേര്‍ മാത്രമേ ഹൈദ്രാബാദില്‍ ശേഷിക്കുന്നുളളൂ. ഇൌ കുടുംബത്തിന്റെ പ്രസിഡന്റാണ് യാക്കൂബ്. കൂടാതെ മുഗള്‍ വിദ്യാഭ്യാസ ട്രസ്റ്റിന്റെ എം.ഡി കൂടിയാണിദ്ദേഹം. ബഹാദൂര്‍ ഷാ സഫറിനെ ആദ്യത്തെ സ്വാതന്ത്യ്ര സമര സേനാനിയായി കണക്കാക്കണമെന്ന് ഇദ്ദേഹം ഇന്ത്യന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1857 ല്‍ ബ്രിട്ടീഷുകാരോട് പടപൊരുതിയ ബഹാദൂര്‍ ഷാ മ്യാന്‍മാറിലെ ബ്രിട്ടീഷ് തടവില്‍പ്പെടുകയായിരുന്നുവെന്ന് യാക്കൂബ് രാജകുമാരന്‍ പറഞ്ഞു. ദുബായില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നു യാക്കൂബ്.

Tuesday, April 15, 2008

ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന ഹീലി

ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന ഹീലി
ദുബായ്: ഏഴ് ഭൂഖണ്ഡങ്ങളിലായി ഏഴ് മാരത്തോണ്‍ സംഘടിപ്പിക്കണമെന്ന അന്ധനായ ഡേവ് ഹീലിയുടെ ആഗ്രഹത്തിലേക്ക് ഇനി രണ്ട് മാരത്തോണുകള്‍ മാത്രം ശേഷിക്കുന്നു. അഞ്ചാമത്തെ മാരത്തോണ്‍ ഇന്നലെ ദുബായിലെ സഫാ പാര്‍ക്കില്‍ നടന്നു. 42.2 കിലോമീറ്റര്‍ ദൂരം 4 മണിക്കൂറും 55 മിനിറ്റും കൊണ്ടാണ് ഹീലി ഒാടിയെത്തിയത്. 13 ലാപ്പുകളിലായി ഒാടിയെത്തിയ ഹീലി തികച്ചും വികാരാധീനനായി കാണപ്പെട്ടു. ''ദുബായില്‍ നിന്ന് എനിക്ക് ലഭിച്ച സഹകരണത്തിന് നന്ദി. എന്നാല്‍ ഇവിടുത്തെ കഠിനമായ ചൂട് എന്നെ കുഴപ്പിച്ചു. ഇവിടെയെത്തി എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി''. മാരത്തോണ്‍ പൂര്‍ത്തിയാക്കിയ ശേഷം ഹീലി പറഞ്ഞു.ഏകദേശം 150 ഒാളം പേര്‍ ഹീലിക്ക് പിന്തുണയുമായി സഫാ പാര്‍ക്കിലെത്തിയിരുന്നു. രാവിലെ 8.15 നാണ് മാരത്തോണ്‍ ആരംഭിച്ചത്. കഠിനമായ ചൂടിനെ അവഗണിച്ച് നിരവധിപ്പേര്‍ ഹീലിക്കൊപ്പം മാരത്തോണില്‍ പങ്കെടുത്തു. ആസ്ട്രേലിയയില്‍ വച്ച് സംഘടിപ്പിച്ച നാലാമത്തെ മാരത്തോണിന് ശേഷം നേരെ ദുബായിലേക്ക് എത്തുകയായിരുന്നു ഹീലി. ഇദ്ദേഹത്തിന്റെ വഴികാട്ടിയായി മാല്‍ക്കം കാര്‍ എന്ന സുഹൃത്ത് ഹീലിക്കൊപ്പമുണ്ടായിരുന്നു. ഏഴ് ദിവസങ്ങള്‍ക്കുളളില്‍ ഏഴ് ഉപഭൂഖണ്ഡങ്ങളിലായി ഏഴ് മാരത്തോണുകളില്‍ പങ്കെടുക്കുകയെന്ന ഹീലിയുടെ ദൌത്യം പൂര്‍ണ്ണമാകുന്നതോടെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ അന്ധനാണ് ഹീലി. ഫാല്‍ക്ക്ലാന്‍ഡിലെ പോര്‍ട്ട് സ്റ്റാന്‍ലി, തെക്കന്‍ അമേരിക്കയിലെ റിയോ, വടക്കന്‍ അമേരിക്കയിലെ ലോസ് ഏഞ്ചലസ്, ആസ്ട്രേലിയയിലെ സിഡ്നി, ദുബായ് എന്നിവിടങ്ങളിലാണ് ഹീലി തന്റെ മാരത്തോണുകള്‍ സംഘടിപ്പിച്ചത്. ശേഷിക്കുന്നവ ആഫ്രിക്കയിലെ ട്യൂണിസിലും അവസാനത്തേത് ലണ്ടനിലുമായി നടക്കും.കാഴ്ച ശക്തി ഇല്ലാത്തത് മാനുഷിക നേട്ടങ്ങള്‍ക്ക് തടസ്സമാവില്ലെന്ന സന്ദേശം ഏഴ് ഭൂഖണ്ഡങ്ങളിലും എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ലണ്ടനിലെ അവസാന മാരത്തോണും പൂര്‍ത്തിയാകുമ്പോള്‍ അന്ധനായ ഹീലി 183.4 മൈലുകള്‍ മാരത്തോണില്‍ ഒാടിയെത്തും

അശ്ളീല സൈറ്റുകള്‍ കാണാന്‍ കഴിയാത്തതിന് വിദ്യാര്‍ത്ഥി അമ്മൂമ്മയെ തലയ്ക്കടിച്ചുകൊന്നു

അശ്ളീല സൈറ്റുകള്‍ കാണാന്‍ കഴിയാത്തതിന് വിദ്യാര്‍ത്ഥി അമ്മൂമ്മയെ തലയ്ക്കടിച്ചുകൊന്നു
കോല്‍ഹാപൂര്‍: ഇന്റര്‍നെറ്റിലൂടെ അശ്ളീല സൈറ്റുകള്‍ കാണാന്‍ തടസ്സമായതിനെ തുടര്‍ന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി അമ്മൂമ്മയെ തലയ്ക്കടിച്ചുകൊന്നു. 21 കാരനായ അഭിഷേക് പാട്ടീലാണ് 67 കാരിയായ ശാന്താഭായിയെ ഉലക്കകൊണ്ട് അടിച്ച് കൊന്നത്. അഭിഷേകിന്റെ വീട്ടിലേക്ക് അടുത്തിടെയാണ് അമ്മൂമ്മ താമസത്തിനായി എത്തിയത്. ഇതെ തുടര്‍ന്ന് അഭിഷേകിന്റെ മുറി അവര്‍ക്കായി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. ഇത് തന്റെ സ്വകാര്യത നഷ്ടപ്പെടുത്തുകയും ഇന്റര്‍നെറ്റിലെ അശ്ളീല സൈറ്റുകള്‍ കാണാന്‍ തടസ്സമാവുകയും ചെയ്തതിനാലാണ് ഇൌ ക്രൂരകൃത്യം ചെയ്തതെന്ന് അഭിഭേഷ് പോലീസിനോട് സമ്മതിച്ചു. ്എന്നാല്‍ ആദ്യം മറ്റൊരു കഥയാണ് അഭിഷേക് പോലീസിനോട് പറഞ്ഞത്. തന്റെ വീട്ടില്‍ അതിക്രമിച്ചെത്തിയ ചിലര്‍ തന്റെ അമ്മൂമ്മയെ കൊലപ്പെടുത്തുകയും അനുജന്‍ വീരനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് ആദ്യം അഭിഷേക് പൊലീസിനോട് പറഞ്ഞത്. ഇതിനായി അഭിഷേക് അനുജനേയും വീട്ടില്‍ വച്ച് പിന്നിലൂടെ എത്തി മര്‍ദ്ദിച്ചിരുന്നു. അക്രമികളെ താന്‍ പിടികൂടിയെങ്കിലും അവര്‍ കുതറി ഒാടുകയായിരുന്നുവെന്ന് അഭിഷേക് പൊലീസിനോട് പറഞ്ഞു. എന്നാല്‍ അഭിഷേകിന്റെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് യഥാര്‍ത്ഥ സംഭവം വെളിച്ചത്തായത്. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഫിലിംഫെസ്റ്റിവലില്‍ 11 കാരിയും .........


ഫിലിംഫെസ്റ്റിവലില്‍ 11 കാരിയും .........
ദുബായ്: ഗള്‍ഫ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന 11 വയസ്സുകാരിയായ യു.എ.ഇ സ്വദേശിനി ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്നു. 'ദുബായ്' അബ്ദുളള അബ്ദുള്‍ഹൌള്‍ എന്ന എട്ടാം €ാസ്സ് വിദ്യാര്‍ത്ഥിനിയാണ് സ്വന്തമായി വരച്ച് അനിമേഷന്‍ നല്‍കിയ കാര്‍ട്ടൂണ്‍ ചിത്രവുമായി മേളയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. മേഖലയില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ നിന്നുമായി 145 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.'ദുബായിയു'ടെ 'ഗാലഗോലിയ' എന്ന അനിമേഷന്‍ ചിത്രം വെളളിയാഴ്ച മേളയില്‍ പ്രദര്‍ശിപ്പിക്കും. വെറും പതിനൊന്ന് ദിവസം കൊണ്ടാണ് തന്റെ ചിത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയതെന്ന് ദുബായ് പറഞ്ഞു. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ കാണുക തന്റെ ഹോബിയാണെന്നും അതാണ് ഇത്തരമൊരു ചിത്രം തയ്യാറാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദുബായ് പറഞ്ഞു. ഇൌ ചിത്രത്തിന്റെ ശബ്ദലേഖനം പോലും ദുബായിയാണ് ചെയ്തിരിക്കുന്നത്. ചലച്ചിത്രമേളയെക്കുറിച്ച് അറിഞ്ഞപ്പോഴാണ് ഇത്തരമൊരു ചിത്രം ചെയ്യണമെന്നും സാധിച്ചാല്‍ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ആഗ്രഹം തോന്നിയത്. അതിനാല്‍ പഠിത്തത്തിനിടയില്‍ തിരക്ക് പിടിച്ചാണ് പതിനൊന്ന് ദിവസം കൊണ്ട് ചിത്രത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചതെന്ന് പതിനൊന്നുകാരിയായ ദുബായ് പറഞ്ഞു. വിചാരിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് ഇൌ ചിത്രത്തിന്റെ നിര്‍മ്മാണം തന്നെ പഠിപ്പിച്ചെന്നും ദുബായി അറിയിച്ചു. ആദ്യമായാണ് ദുബായി തയ്യാറാക്കിയ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിന് മുമ്പ് ഇത്തരത്തില്‍ രണ്ട് അനിമേഷന്‍ ചിത്രങ്ങള്‍ ദുബായ് തയ്യാറാക്കിയിട്ടുണ്ട്. തന്റെ സഹോദരങ്ങളാണ് അനിമേഷന്റെ ബാലപാഠങ്ങള്‍ പറഞ്ഞുതന്നതെന്നും തന്റെ മാതാപിതാക്കളുടെ ശക്തമായ പിന്തുണയാണ് തന്റെ ചിത്രത്തിന് പിന്നിലെന്നും ദുബായ് പറഞ്ഞു. തന്റെ പിതാവിന് ദുബായ് സിറ്റിയോടുളള കടുത്ത ആരാധനയാണ് തനിക്ക് ഇത്തരമൊരു പേരിടാന്‍ പിതാവിനെ പ്രേരിപ്പിച്ചതെന്നും ദുബായ് അറിയിച്ചു.

നായയെ ഇടിച്ച വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി

നായയെ ഇടിച്ച വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി ബാംൂര്‍: ബാംൂര്‍ വിമാനത്താവളത്തില്‍ കിങ്ഫിഷര്‍ വിമാനം നായയെ ഇടിച്ചതിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നി മാറി. 29 യാത്രക്കാരുമായി ഹൈദ്രാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് നായ കുറുക്ക് ചാടിയതിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. യാത്രക്കാരില്‍ രണ്ടു പേര്‍ക്ക് പരിക്കുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. റണ്‍വേയില്‍ കുറുകെ ചാടിയെ നായയെ ഇടിച്ച വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറുകയായിരുന്നു. പൈലറ്റ് സഡന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വിമാനത്തിന്‍െറ മുന്‍ വശം റണ്‍വേയില്‍ ഇടിക്കുകയായിരുന്നു. വന്‍ അത്യാഹിതമാണ് ഒഴിവായത്. ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഉപദ്രവകാരികളായ ഇത്തരം നായകളുടെ ശല്യങ്ങള്‍ ഉണ്ടെന്നും ഇതിന് ഉടന്‍ പരിഹാരം കാണണമെന്നും കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ വിജയ് മല്ല്യ ആവശ്യപ്പെട്ടു. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെ കിങ്ഫിഷറിന്റെ തന്നെ മറ്റൊരു വിമാനത്തില്‍ ഹൈദ്രാബാദിലേക്ക് അയച്ചു. പരിചയ സമ്പന്നനായ മോപി ആയിരുന്നു വിമാനത്തിന്റെ പൈലറ്റെന്നും വാര്‍ത്താക്കുറിപ്പില്‍ മല്ല്യ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ തടസ്സപ്പെട്ട സര്‍വ്വീസുകള്‍ വെളളിയാഴ്ച പുലര്‍ച്ചെ 1.30 മുതല്‍ പുനരാരംഭിച്ചു.

അഴിമതിയുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ 72 സ്ഥാനത്ത്

അഴിമതിയുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ 72 സ്ഥാനത്ത്. 180 രാജ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യ 72 ാം സ്ഥാനത്തെത്തിയത്. ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ പുതിയ പട്ടികയിലാണ്
ഇന്ത്യയുടെ സ്ഥാനം വ്യക്തമാക്കിയിരിക്കുന്നത്. അഴിമതിക്കെതിരെ യാതൊരു വിട്ടു വീഴ്ചക്കും ഗവണ്‍മെന്റ് തയ്യാറല്ലെന്ന്
പാര്‍ലമെന്ററികാര്യ സഹമന്ത്രി സുരേഷ് പച്ചൌരി റിപ്പോര്‍ട്ടിന്റെ
പശ്ചാത്തലത്തില്‍ ലോകസഭയില്‍ വ്യക്തമാക്കി. രാജ്യത്ത് അഴിമതി ഇല്ലാതാക്കാനുളള ശ്രമങ്ങള്‍ കൂടുതല്‍
ഉൌര്‍ജ്ജിതപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി സി.ബി.ഐ,
ആന്റി കറപ്ഷന്‍ ബ്യൂറോ, വിജിലന്‍സ് എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ കാര്യക്ഷമമാക്കും

ഇഷ്ടപ്പെട്ട വാഹന നമ്പരിനായി മുടക്കിയത് 16 കോടി

ഇഷ്ടപ്പെട്ട വാഹന നമ്പരിനായി മുടക്കിയത് 16 കോടി
അബുദാബി: ഇഷ്ടപ്പെട്ട വാഹന നമ്പരിനായി യു.എ.ഇ സ്വദേശിയായ
ബിസിനസുകാരന്‍ മുടക്കിയത് ഒരു കോടി 53 ലക്ഷം ദിര്‍ഹം. എമിറേറ്റ്സ്
പാലസില്‍ ശനിയാഴ്ച നടന്ന ലേലത്തിലാണ് 6 എന്ന നമ്പരിനായിഇത്രയും
വലിയ തുകയ്ക്ക് ലേലം ഉറപ്പിച്ചത്. ദുബായ് പൊലീസ് ആന്റ് എമിറേറ്റ്സ്
ആക്ഷനാണ് ലേലം സംഘടിപ്പിച്ചത്. തന്റെ പണം നിര്‍ദ്ധനാരയവരുടെ ഉന്നമനത്തിന് ഉപയോഗിക്കുന്നതില്‍
സന്തോഷമേ ഉളളൂവെന്ന് വന്‍ തുകയ്ക്ക് ലേലം ഉറപ്പിച്ച ബിസിനസുകാരന്‍
അറിയിച്ചു. തന്റെ പേര് വെളിപ്പെടുത്താന്‍ ഇദ്ദേഹം വിസ്സമതിച്ചു.നൂറോളം നമ്പരുകളുടെ ലേലത്തില്‍ നിന്ന് 5.5 കോടി ദിര്‍ഹമാണ് ലഭിച്ചത്.
nലേലത്തിലൂടെ ലഭിച്ച പണം അപകടങ്ങളിളിലും മറ്റും പരിക്കേറ്റ് കഴിയുന്നവരുടെ
ചികിത്സക്കായി ഉപയോഗിക്കുമെന്ന് അബുദാബി പൊലീസിലെ ഫിനാന്‍ഷ്യല്‍
ഇന്‍വെസ്റ്റ്മെന്റ് വിഭാഗം തലവന്‍ ലഫ്. കേണല്‍ അബ്ദുള്‍ റഹ്മാന്‍ അല്‍
കമാലി അറിയിച്ചു. രണ്ടക്ക നമ്പരുകളില്‍ 60 എന്ന നമ്പര്‍ 38 ലക്ഷം ദിര്‍ഹത്തിനും 36 എന്ന നമ്പര്‍ 27
ലക്ഷം ദിര്‍ഹത്തിനും 86 എന്ന നമ്പര്‍ 22.5 ലക്ഷത്തിനുമാണ് ലേലത്തില്‍
പോയത്. 107 എന്ന നമ്പര്‍ 7 ലക്ഷത്തിനും 6000 എന്ന നമ്പര്‍ ആറ് ലക്ഷത്തി
എഴുപതിനായിരം ദിര്‍ഹത്തിനാണ് വിറ്റത്.