Saturday, June 28, 2008

റിയാലിറ്റിഷോ തളര്‍ത്തിയ ഷിന്‍ജിനി

കൊല്‍ക്കത്ത: റിയാലിറ്റി ഷോകളില്‍ മക്കളെ പങ്കെടുപ്പിച്ച് പണവും പ്രശക്തിയും നേടാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ മിക്കപ്പോഴും സ്വന്തം മക്കള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എത്രമാത്രമാണെന്ന് മനസ്സിലാക്കാറില്ല. കൊല്‍ക്കത്തയിലെ ഷിന്‍ജിനിയെന്ന പതിനാറുകാരിക്ക് ഉണ്ടായ അവസ്ഥ മനസിലാക്കിയാല്‍ ഏതൊരു രക്ഷിതാവും മക്കളെ റിയാലിറ്റി ഷോകളില്‍ പങ്കെടുപ്പിക്കണമോയെന്ന് പുനര്‍വിചിന്തനം നടത്തിയേക്കാം.പ്ളസ്വണ്‍ വിദ്യാത്ഥിനിയായ ഷിന്‍ജിനി സെന്‍ഗുപ്ത(16) കാണാന്‍ സുന്ദരിയും പഠിക്കാന്‍ മിടുക്കിയും ടെലിവിഷന്‍ സീരിയല്‍ നടിയും നര്‍ത്തകിയുമായിരുന്നു. എന്നാല്‍ ഇന്ന് ഷിന്‍ജിനിയുടെ ശരീരം നിശ്ചലമാണ്. ഇൌ അവസ്ഥയില്‍ ഷിന്‍ജിനിയെ കൊണ്ടെത്തിച്ചതാകട്ടെ റിയാലിറ്റി ഷോയും.ബംഗാളി ടിവി ചാനലില്‍ അടുത്തിടെ നടന്ന ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെ ജഡ്ജസ് നടത്തിയ ക്രൂരമായ വിമര്‍ശനങ്ങള്‍ ഷിന്‍ജിനിയെ ആദ്യം മാനസികമായും പിന്നീട് ശാരീരികമായും തളര്‍ത്തുകയായിരുന്നു. നിരവധി ബംഗാളി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച ഷിന്‍ജിനിക്ക് 'എനര്‍ജി ലെവല്‍' പോരെന്ന വിമര്‍ശനം താങ്ങാവുന്നതിലുമപ്പുറമായിരുന്നു.
മാനസികമായി കനത്ത സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടിക്ക് വിഷാദരോഗത്തെ തുടര്‍ന്ന് സംസാര ശേഷി നഷ്ടപ്പെടുകയായിരുന്നു. ക്രമേണ ശരീരവും നിശ്ചലമായി.ഷിന്‍ജിനിയുടെ രോഗമെന്തെന്നു മനസിലാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. തന്റെ പ്രശ്നമെന്തെന്നു പറയാന്‍ ഈ പെണ്‍കുട്ടിക്കും സാധിക്കാത്തത് ഡോക്ടര്‍മാരെ കുഴക്കുന്നു. എംആര്‍ഐ, സിടി സ്കാനുകള്‍ നടത്തിയെങ്കിലും ഇതില്‍ നിന്നൊന്നും പെണ്‍കുട്ടിയുടെ രോഗമെന്തെന്ന് വ്യ്കതമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യമൊക്കെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എഴുതിക്കാണിക്കുമായിരുന്നു. ഇപ്പോള്‍ അതിനു പോലും ഷിന്‍ജിനിക്കാവുന്നില്ല.ബാം ൂരിലെ പ്രമുഖ ഹോസ്പിറ്റലില്‍ മാനസിക വിദഗ്ധരുടെ പ്രത്യേക പരിചരണത്തിലാണ് ഷിന്‍ജിനിയിപ്പോള്‍. ഇനി ഷിന്‍ജിനിക്ക് ചിലങ്ക കെട്ടിയാടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വൈദ്യശാസ്ത്രത്തിനും കഴിയുന്നില്ല.

Friday, June 27, 2008

ബില്‍ഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങുന്നു

സിയാറ്റില്‍: പേഴ്സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് വിജയം കൊണ്ട് ചരിത്രമെഴുതിയ മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സ് ഇന്ന് മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറങ്ങുന്നു. എല്ലാ വീടുകളിലും കമ്പ്യൂട്ടര്‍ എത്തിക്കുക എന്ന സ്വപ്നസാക്ഷാത്കാരത്തിനായി 1975 ലാണ് അദ്ദേഹം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന് രൂപം നല്‍കിയത്. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനി എന്ന സ്ഥാനത്ത് മൈക്രോസോഫ്റ്റിനെ എത്തിച്ചശേഷമാണ് ഗേറ്റ്സിന്റെ പടിയിറക്കം. സ്ഥാനം ഒഴിയുമെങ്കിലും മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡില്‍ ഗേറ്റ്സ് ചെയര്‍മാനായി തുടരും. കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയും ഗേറ്റ്സ് തന്നെ ആയിരിക്കും. വിരമിക്കുന്നുവെങ്കിലും കമ്പനിയുടെ നൂതന സോഫ്റ്റ്വെയര്‍ വികസന പരിപാടികളില്‍ ഗേറ്റ്സ് സഹകരിക്കുമെന്നാണ് സൂചന. ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും ചേര്‍ന്ന് രൂപം നല്‍കിയ സ്ഥാപനമായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷനിലൂടെ സാമൂഹിക സേവന രംഗത്ത് കര്‍മനിരതനാകാന്‍ വേണ്ടിയാണ് ഗേറ്റ്സ് തന്റെ രാജിതീരുമാനം പ്രഖ്യാപിച്ചത്. 2006 ജൂണില്‍ഗേറ്റ്സ് വിരമിക്കല്‍ തീരുമാനം സംബന്ധിച്ച് ആദ്യ സൂചന നല്‍കിയിരുന്നു. കുട്ടിത്തമുളള മുഖത്തിന്റെ ഉടമയായ 52 കാരന്‍ തന്റെ പതിമൂന്നാം വയസിലാണ് പ്രോഗ്രാമിംഗ് രംഗത്തേക്ക് കടന്നത്. തന്റെ സ്കൂളിലെ €ാസ് ക്രമീകരണത്തിനായുളള സോഫ്റ്റ്വെയറായില്‍ ഗേറ്റ്സ് ആദ്യം വികസിപ്പിച്ചെടുത്തത്. 19ാം വയസില്‍ തന്റെ ഭാവിയിലേക്കുളള വഴി തനിക്ക് കാണാനായെന്നും ആ വഴിയിലൂടെ തന്നെ നടന്നതാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്നും ദി റോഡ് എഹെഡ് എന്ന പുസ്തകത്തില്‍ ഗേറ്റ്സ് എഴുതിയിട്ടുണ്ട്.1975 ല്‍ ബില്‍ ഗേറ്റ്സും സഹപാഠി പോള്‍ അലനും ചേര്‍ന്നാണ് മൈക്രോസോഫ്റ്റിനു രൂപം നല്‍കിയത്. 78 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബില്‍ഗേറ്റ്സിന്റെ മൈക്രോ സോഫ്റ്റ് കോര്‍പറേഷനു കീഴില്‍ 50,000 പേരോളം ജോലിയെടുക്കുന്നു. ഇന്ത്യയും ആഫ്രിക്കയുമടക്കമുള്ള രാജ്യങ്ങളില്‍ പാവപ്പെട്ടവരുടെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഫൌണ്ടേഷന്റെ നിലവിലുള്ള ആസ്തി 3000 കോടി ഡോളറിനടുത്താണ്.

Wednesday, June 25, 2008

പൈലറ്റുമാര്‍ ഉറങ്ങി; എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കാനായില്ല


മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിലെ രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയതിനാല്‍ വിമാനം മുംബൈ എയര്‍പോര്‍ട്ടില്‍ ഇറക്കാനായില്ല. ദുബായില്‍ നിന്ന് ജയ്പൂര്‍ വഴി മുംബൈയിലേക്ക് പോയ ഐസി 612 എന്ന വിമാനത്തിലാണ് കോക്ക്പിറ്റിലിരുന്ന് രണ്ട് പൈലറ്റുമാരും സുഖമായി ഉറങ്ങിപ്പോയത്. പൈലറ്റുമാര്‍ ഉണര്‍ന്നപ്പോഴേക്കും വിമാനം ഗോവയിലേക്കുളള വഴിയില്‍ പകുതി ദൂരം പിന്നിട്ടിരുന്നു. വിമാനത്തില്‍ നൂറോളം യാത്രക്കാരുണ്ടായിരുന്നു. ദുബായില്‍ നിന്ന് രാത്രി പന്ത്രണ്ട് മണിക്ക് പറന്നുയര്‍ന്ന വിമാനം രാവിലെ 7 മണിക്ക് ജയ്പൂരില്‍ എത്തി. പിന്നീട് വിമാനം മുംബൈക്ക് പറന്നപ്പോള്‍ ആട്ടോമാറ്റിക് മോഡില്‍ ഇട്ടശേഷം പൈലറ്റുമാര്‍ ഉറങ്ങുകയായിരുന്നു. മുംബൈയില്‍ ഇറങ്ങേണ്ടുന്ന വിമാനത്തില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് യാതൊരു നിര്‍ദ്ദേശവും ലഭിക്കാതിരുന്നതിനാലും എയര്‍പോര്‍ട്ടില്‍ നിന്ന് നല്‍കിയ സിഗ്നലുകളോട് പൈലറ്റുമാര്‍ പ്രതികരിക്കാതിരുന്നതിനാലും വിമാനം ആരെങ്കിലും തട്ടിയെടുത്തതാകാമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ കരുതി. ഇതേതുടര്‍ന്ന് വിമാനത്തിന്റെ കോക്ക് പിറ്റിലെ സുരക്ഷാ അലാറം എയര്‍പോര്‍ട്ട് അധികൃതര്‍ മുഴക്കുകയായിരുന്നു. അലാറം കേട്ട് പൈലറ്റുമാര്‍ ഉണര്‍ന്നപ്പോഴേക്കും വിമാനം ഗോവയ്ക്ക് അടുത്തെത്തിയിരുന്നു. കാര്യങ്ങളുടെ ഗൌരവം മനസ്സിലാക്കിയ പൈലറ്റുമാര്‍ ഉടന്‍ തന്നെ വിമാനം മുംബൈയില്‍ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദാംശങ്ങള്‍ സ്വീകരിച്ചുവരികയാണെന്നാണ് എയര്‍ ഇന്ത്യ പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ജിതേന്ദ്ര ഭാര്‍ഗവ ഇതേക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ പൈലറ്റുമാര്‍ ഉറങ്ങിയതല്ലെന്നും വിമാനവുമായുളള ആശയവിനിമയ ബന്ധം തകരാറിലായതാണ് കാരണമെന്നുമാണ് മുംബൈ എയര്‍പോര്‍ട്ടിലെ ജനറല്‍ മാനേജര്‍ എ.ജി ജുഗാരെ നല്‍കുന്ന വിശദീകരണം.

Tuesday, June 24, 2008

ഇന്ത്യയില്‍ ഇനി ഇ-പാസ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇ-പാസ്പോര്‍ട്ട് സംവിധാനം ഇന്ന് മുതല്‍ യാഥാര്‍ത്ഥ്യമാകും. ബുധനാഴ്ച രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ആദ്യത്തെ ഇ-പാസ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.ഇപ്പോഴുപയോഗിക്കുന്ന പാസ്പോര്‍ട്ട് ബുക്കുകള്‍ക്ക് പകരം ഒരു വ്യക്തിയുടെ വിവരങ്ങള്‍ എല്ലാമടങ്ങിയ ബയോമെട്രിക് ചിപ്പാണ് പുതിയ ഇ-പാസ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വ്യക്തികള്‍ക്കും മാത്രമാണ് ഇ-പാസ്പോര്‍ട്ട് വിതരണം ചെയ്യുക. എന്നാല്‍ അടുത്ത വര്‍ഷത്തോടുകൂടി സാധാരണ ജനങ്ങള്‍ക്കും ഇ-പാസ്പോര്‍ട്ട് നല്‍കി തുടങ്ങും. വിരലടയാളങ്ങള്‍ ഉള്‍പ്പടെ ഒരു വ്യക്തിയുടെ പ്രാഥമിക വിവരങ്ങള്‍ എല്ലാം ഉള്‍ക്കൊളളുന്ന ചിപ്പാണ് ഇ-പാസ്പോര്‍ട്ട്. ഐ.ഐ.ടി കാണ്‍പൂര്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ എന്നിവ സംയുക്തമായാണ് പുതിയ ഇ-പാസ്പോര്‍ട്ട് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് പുതിയ പാസ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. അമേരിക്കയില്‍ വച്ച് നടത്തിയ പരിശോധനകളില്‍ അവിടെ ഉപയോഗിക്കുന്ന സംവിധാനങ്ങളേക്കാള്‍ മികച്ചതാണെന്ന് തെളിഞ്ഞിരുന്നു. ഇത് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആശ്ചര്യത്തോടെയാണ് നോക്കികാണുന്നത്. ഒരു വ്യക്തിയുടെ യാത്രരേഖകള്‍ വളരെ കൃത്യമായി സൂക്ഷിക്കാന്‍ പുതിയ സംവിധാനം ഏറെ സഹായിക്കും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വ്യാജപാസ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തടയാനാകുമെന്നാണ് അധികൃതരുെട പ്രതീക്ഷ.

ഫുട്ബോള്‍ ഇതിഹാസം പെലെയെ കൊളളയടിച്ചു

ലണ്ടന്‍: ഫുട്ബോള്‍ ഇതിഹാസം പെലെയെ ഒരു സംഘം അക്രമികള്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊളളയടിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന പെലെയെ അക്രമികള്‍ തടഞ്ഞുനിര്‍ത്തുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം അദ്ദേഹത്തിന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല, വാച്ച്, മൊബൈല്‍ ഫോണ്‍ എന്നിവ കൊളളയടിക്കുകയായിരുന്നു.
67 കാരനായ പെലെ ബ്രസീലിലെ സാന്റോസിലുളള ബീച്ചിനടുത്തുളള വീട്ടിലേക്ക് കാറില്‍ പോകവെ ജൂണ്‍ 13 ന് ആക്രമമുണ്ടായതായി ദി ഡെയ്ലി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. തോക്കുകളും കത്തികളും ഉപയോഗിച്ച് ഏകദേശം പത്തോളം പേരടങ്ങിയ സംഘമാണ് പെലെയെ കൊളളയടിച്ചത്. ഫുട്ബോള്‍ മാന്ത്രികന്‍ പെലെയെയാണ് തങ്ങള്‍ കൊളളയടിച്ചതെന്ന് പിന്നീട് മനസ്സിലാക്കിയ അക്രമികള്‍ തങ്ങള്‍ കവര്‍ന്നെടുത്ത ആഭരണളില്‍ ചിലത് പെലെക്ക് തിരിച്ച് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് പെലെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സംഭവത്തെക്കുറിച്ചുളള വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് പുറത്തുവിട്ടത്.


Friday, June 13, 2008

ചെമ്പരുന്തിന് ചേലുള്ള ചുണ്ടുകിട്ടി




തയ്യാറാക്കിയത് ജയറാം 
ജുനേ: ചുണ്ടിന്റെ ചേല് തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് സുന്ദരി. പേരില്‍ സുന്ദരിയാണെങ്കിലും ബ്യൂട്ടി എന്ന കൃഷ്ണ പരുന്തിന്റെ ചേലുള്ള ചുണ്ട് മൂന്നു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടിരുന്നു. ഏതോ ഒരു പക്ഷിവേട്ടക്കാരന്റെ വെടിയേറ്റ് കൂര്‍ത്ത്മൂര്‍ത്ത മേല്‍ചുണ്ട് തെറിച്ചു പോയതാണ്. നെഞ്ചില്‍ കൊള്ളേണ്ടത് ചുണ്ടില്‍ തട്ടി പോയി എന്ന് സമാധാനിക്കാമായിരുന്നെങ്കിലും ഒരു കൃഷ്ണപരുന്തിന് നീണ്ടുവളഞ്ഞ ചുണ്ട് പോയാല്‍ പിന്നെ എന്ത് ജീവിതം. അമേരിക്കയിലെ അലാസ്കാ സ്റ്റേറ്റിലെ ബേര്‍ഡ്സ് ഒാഫ് പ്രേ എന്ന വെറ്ററനറി കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ബ്യൂട്ടിക്ക് ഇപ്പോള്‍ സൌന്ദര്യചികിത്സയിലൂടെ പുതിയ മുഖം കിട്ടിയിരിക്കുകയാണ്. ജാന്‍ ഫിന്‍ങ്ക് കാന്റ്വെല്‍ എന്ന ബയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ റിയാന്‍ ഡോയല്‍ എന്ന ദന്തിസ്റ്റ്, നേറ്റ് കാല്‍വിന്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയര്‍ എന്നിവരുടെ ഒരു സംഘം മണിക്കൂറുകള്‍ നീണ്ട ശ്രമത്തില്‍ ബ്യൂട്ടിക്ക് ഒര്‍ജിനല്‍ എന്ന് തോന്നിക്കുന്ന കൃത്രിമ ചുണ്ട് വച്ചു പിടിപ്പിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞ് ബോയിംഗ് വിമാന കമ്പനി ബ്യൂട്ടിക്ക് പഴയതുപോലെ ജീവിക്കാന്‍ ഉതകുന്ന ഉഗ്രന്‍ ഒരു ചുണ്ട് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ്. ബോയിംഗിന് പറക്കുന്നവയോടുള്ള ഇഷ്ടം പണ്ടേ പ്രശസ്തമാണല്ലോ.


Monday, June 2, 2008

ലഹരിമരുന്ന് കൈവശം വച്ചതിന്പാക് ബൌളര്‍ ആസിഫ് ദുബായില്‍ പിടിയില്‍

ദുബായ്: പാകിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ മുഹമ്മദ് ആസിഫ് ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് പോലീസ് പിടിയിലായി. അനധികൃതമായി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് ആസിഫിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അവസാനിച്ച ഐ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലക്ക് ദുബായ് വഴി മടങ്ങവേയാണ് 25 കാരനായ ആസിഫിനെ എയര്‍പോര്‍ട്ടില്‍ വച്ച് ഞായറാഴ്ച പോലീസ് പിടികൂടിയത്. എന്നാല്‍ ഇതേക്കുറിച്ചുളള വാര്‍ത്തകള്‍ ഇന്നാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ഇനിയും ഒൌദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഹാഷിഷ് എന്ന ലഹരി മരുന്ന് ഇയാള്‍ കൈവശം വച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ആസിഫിനെ ചൊവ്വാഴ്ച ദുബായില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടിയാണ് ആസിഫ് കളിച്ചിരുന്നത്. എന്നാല്‍ കൈയിലേറ്റ പരിക്കിനെ തുടര്‍ന്ന് എല്ലാ മത്സരങ്ങളും കളിക്കാന്‍ ആസിഫിനായില്ല.ദുബായിലെ നിയമം അനുസരിച്ച് അഞ്ചു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിയ്ക്കാന്‍ മതിയായ കുറ്റമാണ് മുഹമ്മദ് ആസിഫ് നടത്തിയിരിയ്ക്കുന്നത്.പാക് ക്രിക്കറ്റ് ബോര്‍ഡോ ദുബായിലെ പാക് എംബസിയോ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ദുബായ് പോലീസ് കേസില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 2006 ല്‍ നിരോധിച്ചിട്ടുളള ഉത്തേജക മരുന്ന് കഴിച്ചതിന് ആസിഫ് പിടിയിലായിട്ടുണ്ട്.