Thursday, July 31, 2008

തലയില്‍ കുടുങ്ങിയ ജാറുമായി അലഞ്ഞ കരടിയെ വെടിവച്ചുകൊന്നു

മിനിസോട്ട: തലയില്‍ കുടുങ്ങിയ ജാറുമായി ദിവസങ്ങളോളം അലഞ്ഞ കരടിയെ വെടിവച്ചുകൊന്നു. കരടിയെ ജീവനോടെ പിടികൂടാന്‍ അമേരിക്കയിലെ മിനിസോട്ട എന്ന സ്ഥലത്തെ വന്യജീവി സംരക്ഷകര്‍ ഒരാഴ്ചയോളം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വെടിവച്ചുകൊല്ലാന്‍ തീരുമാനിച്ചത്. പിന്നീട് ഇവിടുത്തെ പോലീസിന്റെ സഹായത്തോടെ കരടിയെ വെടിവയ്ക്കുകയായിരുന്നു. രണ്ട് വയസുളള കരടിയാണ് തലയില്‍ കുടുങ്ങിപ്പോയ ജാറുമായി ദിവസങ്ങളോളം അലഞ്ഞുതിരിഞ്ഞ് നടന്നത്. ഇൌ സമയത്ത് കരടിക്ക് ശ്വസനം സാധ്യമായെങ്കിലും ആഹാരം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യമൊക്കെ കരടിയെ പിടികൂടാന്‍ പിന്തുടരുമ്പോഴെല്ലാം കാട്ടില്‍ ഒാടി ഒളിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ജനവാസമുളള പ്രദേശങ്ങളില്‍ കരടിയെത്തിയതോടെയാണ് വെടിവച്ചുകൊല്ലാന്‍ വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ പോലീസിന് അനുമതി നല്‍കിയത്. ജൂലൈ 21 നാണ് തലയില്‍ കുടുങ്ങിയ ജാറുമായി കരടിയെ മിനിസോട്ടയിലെ ജനങ്ങള്‍ കണ്ടത്. ഏകദേശം ആറുദിവസങ്ങളോളം ജലപാനം പോലുമില്ലാതെ കരടി അലഞ്ഞ് നടന്നുവെന്ന് ഇവിടുത്തെ നാട്ടുകാര്‍ പറഞ്ഞു. ഭക്ഷണം തിരഞ്ഞ് നടക്കുന്നതിനിടെയാണ് ചെറിയ ജാറിനുളളില്‍ കരടിയുടെ തല അകപ്പെട്ടതെന്ന് കരുതപ്പെടുന്നു.

Tuesday, July 29, 2008

നാട്ടുകാര്‍ നായയെ കോടതി കയറ്റി

പാറ്റ്ന: നിരവധിപ്പേരെ കടിക്കുകയും സ്വൈര്യ ജീവിതം തടസപ്പെടുത്തുകയും ചെയ്തതിന് നായയെ നാട്ടുകാര്‍ കോടതി കയറ്റി. ബീഹാറിലെ പാറ്റ്നയില്‍ നിന്നും 140 മൈല്‍ അകലെയുളള പുരിനിയയിലാണ് ഇൌ അസാധാരണ സംഭവം നടന്നത്. എന്നാല്‍ തനിക്കെതിരെയുളള കുറ്റാരോപണങ്ങള്‍ എല്ലാം വളരെ ശാന്തനായി ഇരുന്നുകേട്ട ചോട്ടു എന്ന നായ കോടതിയില്‍ എത്തിയ കാഴ്ചക്കാര്‍ക്കും കൌതുകമുണര്‍ത്തി. നിരവധിപ്പേര്‍ ഉണ്ടായിരുന്നെങ്കിലും ഒന്ന് കുരക്കുക പോലും ചെയ്യാതെ ചോട്ടു, കൂസലില്ലാതെ കോടതി മുറിയില്‍ ഇരുന്നു. ചോട്ടുവിന്റെ കോടതിയിലെ നല്ലപെരുമാറ്റം പ്രതി ഭാഗം വക്കീലിനും തുണയായി. എന്നാല്‍ ചോട്ടു അത്ര കണ്ട് ശാന്തനല്ലെന്ന് മുന്‍ കാല ചരിത്രവും വ്യക്തമാക്കുന്നുണ്ട്.
സമാനമായ കുറ്റത്തിന് ചോട്ടുവിനെ അഞ്ചു വര്‍ഷം മുമ്പ് കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാല്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഇടപെട്ടതിനെ അന്ന് ചോട്ടു തലയൂരി പോരുകയായിരുന്നു. കോടതിയില്‍ ശാന്തനായി ഇരുന്നെങ്കിലും തന്റെ യജമാന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ കടന്ന് വരുന്നവരെ ചോട്ടുവിടാറില്ല. ഇതാണ് ഇവിടുത്തെ നാട്ടുകാരെ ചൊടിപ്പിച്ചതും കേസ് കോടതി വരെ എത്തിച്ചതും.
എന്നാല്‍ കേസുകള്‍ അടുത്തുളള വീട്ടുകാര്‍ കെട്ടിച്ചമച്ചതാണെന്നാണ് ചോട്ടുവിന്റെ ഉടമ രാജ്കുമാരി ദേവി പറയുന്നത്. അടുത്തുളളവര്‍ താനുമായി അതിര്‍ത്തി തര്‍ക്കമുണ്ടെന്നും തന്റെ വീട്ടിന്റെ ആധാരം കൈക്കലാക്കാന്‍ അനധികൃതമായി എത്തുന്നവരെ മാത്രമേ ചോട്ടു ആക്രമിക്കാറുളളൂവെന്നും രാജ്കുമാരി പറയുന്നു. വിധവയായ രാജ്കുമാരി തനിച്ചാണ് ഇവിടെ താമസം. ഇവരുടെ പൂര്‍ണ്ണസംരക്ഷണ ചുമതല ചോട്ടുവിനാണ്. മറ്റൊരു വധശിക്ഷയാണോ ചോട്ടുവിനെ തേടിയെത്തുന്നതെന്നറിയാന്‍ കോടതി വിധി പ്രസ്താവിക്കുന്ന ആഗസ്ത് 5 വരെ കാത്തിരിക്കണം.

Monday, July 14, 2008

ദുബായില്‍ ചൂട് 51 ഡിഗ്രി

ദുബായ്: യു.എ.യില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വേനല്‍ ചൂട് ശക്തമായി. ഞായറാഴ്ച ദുബായില്‍ 51 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. വരുന്ന ചൊവ്വാഴ്ച വരെ ചൂടിന് ശമനമുണ്ടാകാനിടയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന സൂചന. അല്‍ അയ്നില്‍ 48 ഡിഗ്രിയും റാസല്‍ഖൈമയില്‍ 45 ഡിഗ്രി ചൂടുമാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. മറ്റിടങ്ങളെ അപേക്ഷിച്ച് അബുദാബായില്‍ ചൂട് അത്രകണ്ട് വര്‍ദ്ധിച്ചിട്ടില്ല. ഇവിടെ 41 ഡിഗ്രി മാത്രമാണ് അനുഭവപ്പെട്ടത്.
ഹത്ത, അല്‍ അയ്ന്‍ എന്നിവിടങ്ങളിലെ മലമ്പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശിയാതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. ബുധനാഴ്ചയോടെ കടുത്ത ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥ നീരീക്ഷകരുടെ കണക്കുകൂട്ടല്‍. അന്തരീക്ഷ ഇൌര്‍പ്പം 15 ശതമാനം മുതല്‍ 60 ശതമാനം വരെ വര്‍ദ്ധിക്കുന്നത് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.  ഇതിനിടെ ഉച്ചസമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഉച്ചക്ക് 12.30 മുതല്‍ 3 മണിവരെ തണല്‍ പ്രദേശത്ത് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെയാണ് തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിക്കുക. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 7,070 കമ്പനികളില്‍ ഇത്തരത്തില്‍ പരിശോധന നടത്തിയെന്നും അവയില്‍ 617 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ നിയമം ലംഘിക്കുന്ന കമ്പനികളുടെ എണ്ണം താരതമ്യേന കുറവാണ്. വേനല്‍ചൂട് ശക്തമാകുന്നതിനാല്‍ ജൂലൈ 1 മുതല്‍ ആഗസ്ത് 31 വരെയുളള കാലയളവിലാണ് തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ വിശ്രമം അനുവദിക്കേണ്ടത്.


Saturday, July 12, 2008

യാചകയുടെ 'മണി' കിലുക്കം


കൊല്‍ക്കത്ത: ലക്ഷ്മിദാസ് എന്ന യാചകക്ക് ഇനി ആരുടെ മുന്നിലും കൈനീട്ടാതെ അന്തസ്സായി കഴിയാം. കാരണം ഇവര്‍ തന്റെ ജീവിതത്തില്‍ പലരോടായി കൈനീട്ടി സമ്പാദിച്ചത് മുപ്പതിനായിരത്തിലധികം രൂപയാണ്. ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച ഇൌ തുക കൊണ്ട് ശേഷിക്കുന്ന കാലം സുഖമായി ജീവിക്കാമെന്ന ഉത്തമ വിശ്വാസം അവര്‍ക്കുണ്ട്. 40 വര്‍ഷത്തെ ഭിക്ഷാട ജീവിതത്തിലൂടെയാണ് 90 കിലോ ഭാരം വരുന്ന നാണയങ്ങള്‍ ലക്ഷ്മി സ്വരുക്കൂട്ടിയത്. കൊല്‍ക്കത്ത സ്വദേശിയായ ലക്ഷ്മി പലരോടായി ഭിക്ഷാടനം നടത്തി സ്വരുകൂട്ടിയ പൈസ ബാങ്കില്‍ നിക്ഷേപിച്ചതോടെയാണ് ഇവരുടെ 'മണി' കിലുക്കത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. 90 കിലോ ഭാരം വരുന്ന നാണയങ്ങളാണ് ഇവര്‍ തന്റെ 40 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഭിക്ഷയെടുത്ത് സ്വരുക്കൂട്ടിയത്. ഇത് ഏകദേശം 30,000 ല്‍ അധികം വരുമെന്ന് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തി. നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താനായി കൊല്‍ക്കത്തയിലെ മാണിക്തോള സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നാല് ദിവസങ്ങളാണ് വേണ്ടി വന്നത്. പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് ചെറുപ്പത്തിലെ ഭിക്ഷാടനത്തിനെത്തിയ ലക്ഷി, പ്രായാധിക്യമായതിനാല്‍ ഇനിയുളള കാലം തന്റെ 'തൊഴില്‍' ചെയ്യാനാവാതെ വന്നാലോ എന്ന് കരുതിയാണ് ഇതുവരെ മിച്ചം വച്ച സമ്പാദ്യമെല്ലാം ബാങ്കില്‍ നിക്ഷേപിച്ച് ശിഷ്ടകാലം സുഖമായി കഴിയാന്‍ തീരുമാനിച്ചത്. ലക്ഷ്മി തന്റെ പതിനേഴാം വയസിലാണ് ഭിക്ഷാടനത്തിനിറങ്ങിയത്. തനിക്ക് ലഭിക്കുന്ന നാണയങ്ങളെല്ലാം തന്റെ കൊച്ചുവീട്ടിലെ ബക്കറ്റില്‍ ഇട്ട് സൂക്ഷിക്കുകയായിരുന്നു. നാല് ബക്കറ്റുകളില്‍ നാണയങ്ങള്‍ നിറഞ്ഞതോടെയാണ് ഇവ ബാങ്കില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. പണം അമിതമായി ധൂര്‍ത്ത് അടിക്കുന്നവര്‍ക്ക് ലക്ഷ്മി ദാസിന്റെ ജീവിതം പാഠമാവുകയാണെന്ന് ബാങ്ക് മാനേജര്‍ ടി.കെ ഹല്‍ദാര്‍ പറഞ്ഞു. ജീവിതത്തില്‍ എത്ര രൂപ നേടിയാലും യാതൊന്നും സമ്പാദിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. എന്നാല്‍ പ്രത്യേകിച്ച് യാതൊരു വരുമാനവും ഇല്ലാതെ പലരോടായി കൈനീട്ടി വാങ്ങിയ ചില്ലറകള്‍ സ്വരുക്കൂട്ടിയാണ് ലക്ഷ്മി 30,000 ല്‍ അധികം രൂപ സമ്പാദിക്കാനായത്. ലക്ഷ്മിയുടെ കഥ ധൂര്‍ത്തന്മാരുടെ കണ്ണ് തുറപ്പിക്കാനാകട്ടെയെന്ന് ബാങ്ക് മാനേജര്‍ അഭിപ്രായപ്പെട്ടു.

Saturday, July 5, 2008

പുരുഷന്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചു

ലണ്ടന്‍: പ്രസവം സ്ത്രീകളുടെ മാത്രം കുത്തകയല്ലെന്ന് തെളിയിച്ചുകൊണ്ട് അമേരിക്കന്‍ സ്വദേശിയായ പിതാവ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 34 കാരനായ തോമസ് ബീറ്റിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത.് ഇയാള്‍ ജന്മം കൊണ്ട് സ്ത്രീയായിരുന്നെങ്കിലും പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറുകയായിരുന്നു. എന്നാല്‍ ഗര്‍ഭപാത്രം ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാതിരുന്ന തോമസ് ക്രിതൃമ ബീജധാരണത്തിലൂടെ അമ്മയാകുകയായിരുന്നു. എന്നാല്‍ ബീജദാദാവ് ആരെന്ന് തോമസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. സ്തനങ്ങള്‍ നീക്കം ചെയ്യുകയും അതുമായി ബന്ധപ്പെട്ട ഗ്രന്ധികള്‍ പ്രവര്‍ത്തന രഹിതമാകുകയും ചെയ്തിരുന്നതിനാല്‍ തോമസിന് കുഞ്ഞിനെ പാലൂട്ടി വളര്‍ത്താനാവില്ലെന്ന് മാത്രം. പുരുഷ ഹോര്‍മോണ്‍ സ്വീകരിച്ച് താടി നീട്ടി വളര്‍ത്തിയ തോമസ് നിയമപരമായി ഇപ്പോഴും പുരുഷനാണ്. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഒരു പുരുഷന്‍ പ്രസവിക്കുന്നത്. ഒറിഗണിലെ സെന്റ് ചാള്‍സ് മെഡിക്കല്‍ ഹോസ്പിറ്റലില്‍ അമ്മയായ അച്ഛനും കുഞ്ഞും സുഖമായി പ്രാപിച്ചുവരുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ ഗര്‍ഭം ധരിച്ചുവെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് തോമസ് പുറത്തുവിട്ടത്. അമേരിക്കയിലെ പുരുഷന്മാര്‍ക്കു വേണ്ടിയുള്ള മാസികയുടെ ഏപ്രില്‍ ലക്കത്തില്‍ ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി തോമസ് ഒരു അനുഭവക്കുറിപ്പെഴുതിയതോടെയാണ് പുരുഷഗര്‍ഭത്തെപ്പറ്റി പുറംലോകമറിഞ്ഞത്. ഒരു ദിവസമെങ്കിലും ഒരു കുഞ്ഞിനോടൊപ്പം അമ്മയായി കഴിയണമെന്ന ആഗ്രഹമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും അതുകൊണ്ട് തന്നെയാണ് ലിംഗമാറ്റ ശസ്ത്രക്രിയാ സമയത്ത് ഗര്‍ഭപാത്രം ഒഴിവാക്കാതിരുന്നതെന്നും തോമസ് വ്യക്തമാക്കി. ഹവായിയില്‍ ജനിച്ച തോമസ് ബീറ്റി 20 വയസുവരെ സ്ത്രീയായാണ് ജീവിച്ചത്. നിയമപരമായി പുരുഷനായി മാറിയ ശേഷം അഞ്ച് വര്‍ഷം മുമ്പാണ് നാന്‍സിയെന്ന യുവതിയെ തോമസ് വിവാഹം കഴിച്ചത്. എന്നാല്‍ നാന്‍സിക്കുണ്ടായിരുന്ന ചില ആരോഗ്യ പ്രശ്നങ്ങളാല്‍ പ്രസവിക്കാന്‍ കഴിയാതെ പോയതിനാലാണ് ആ ചുമതല ഭര്‍ത്താവായ തോമസ് ഏറ്റെടുത്തത്. നാന്‍സി തന്നൊയായിരിക്കും കുഞ്ഞിന്റെ അമ്മയെന്നും താന്‍ അച്ഛന്റെ റോളിലായിരിക്കുമെന്നും തോമസ് ബീറ്റി അറിയിച്ചു


Wednesday, July 2, 2008

മൈ ഡിയര്‍ കരടി...


ഒറീസ:കാട്ടില്‍ നിന്നും കരടിയെ രക്ഷിച്ച് വീട്ടില്‍ വളര്‍ത്തിയ കുറ്റത്തിന് ഒറീസയിലെ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട യുവാവ് ഫോറസ്റ്റ് അധികൃതരുടെ പിടിയിലായി. 35 കാരനായ രമേശ് മുണ്ടയെയാണ് വനപാലര്‍ റിമാന്‍ഡ് ചെയ്തശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചത്.
സ്വന്തം മകളെ പോലെ റാണിയെന്ന കരടിയെ നോക്കി വളര്‍ത്തിയതിനാണോ തന്നെ അറസ്റ്റ് ചെയ്തതെന്ന രമേശിന്റെ ചോദ്യത്തിന് വനപാലകര്‍ക്കും കൃത്യമായ മറുപടിയില്ല. റാണിയും രമേശും തമ്മിലുളള അഗാധമായ ബന്ധം മനസിലാക്കാന്‍ ഇനിയും വനപാലകര്‍ക്കായിട്ടില്ലെന്ന് ഇവിടുത്തെ നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒറീസയിലെ ഘോരവനമായ കിയോഞ്ചാറില്‍ നിന്നും രമേശ് കരടി കുട്ടിയെ കണ്ടെടുത്തത്. റാണിയെന്ന പേരും നല്‍കി സ്വന്തം മകളെപോലെയാണ് രമേശ് കരടിയെ വളര്‍ത്തിയത്. വീട്ടിലെ മറ്റൊരംഗത്തെ പോലെ രമേശ് റാണിയെ വളര്‍ത്തി. 



സ്വന്തം മകള്‍ ഗുല്‍ക്കിയെ മുന്‍വശത്തും റാണിയെ പിന്നിലും ഇരുത്തിയുളള രമേശിന്റെ സൈക്കിള്‍ യാത്ര നാട്ടുകാര്‍ക്ക് ഹരമായിരുന്നു. രമേശുമായും മകളുമായും പ്രത്യേക സൌഹൃദം പുലര്‍ത്തിയ റാണിയുടെ രീതികള്‍ ഇവിടുത്തെ പ്രദേശിക പത്രങ്ങളില്‍ വാര്‍ത്ത സൃഷ്ടിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. സംഭവമറിഞ്ഞ വനപാലകര്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം രമേശിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. റാണിയെ വനപാലകര്‍ നന്തന്‍കാണന്‍ മൃഗശാലയിലേക്ക് അയക്കുകയും ചെയ്തു. മൃഗശാലയിലേക്ക് മാറ്റപ്പെട്ട റാണി ആഴ്ചകളോളം ആഹാരം കഴിക്കാന്‍ പോലും കൂട്ടാക്കിയിരുന്നില്ലെന്ന് മൃഗശാല അധികൃതരും പറയുന്നു. സ്വന്തം മകളായ ഗുല്‍ക്കിയെ പോലെയാണ് താന്‍ റാണിയേയും വളര്‍ത്തിയതെന്ന് രമേശ് പറയുന്നു. അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയ രമേശ് റാണിയെ കാണാന്‍ അനുവദിക്കണമെന്ന് മൃഗശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അധികൃതര്‍ തങ്ങളെ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് രമേശും മകള്‍ ഗുല്‍ക്കിയും.