Tuesday, May 13, 2008

ജയ്പൂരില്‍ സ്ഫോടന പരമ്പര: 60 പേര്‍ കൊല്ലപ്പെട്ടു

ജയ്പൂരില്‍ സ്ഫോടന പരമ്പര: 60 പേര്‍ കൊല്ലപ്പെട്ടു
സ്ഫോടനത്തിന് പിന്നില്‍ ഹുജിയെന്ന് സംശയം
ജയ്പൂര്‍ : രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായ സ്ഫോടന പരമ്പരയില്‍ 60 ലേറെ കൊല്ലപ്പെടുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നിരവധിപ്പേരുടെ നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം സന്ധ്യക്ക് 7.40 നാണ് രാജസ്ഥാനെ വിറപ്പിച്ചുകൊണ്ട് എട്ട് സ്ഫോടനങ്ങള്‍ നടന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് എട്ട് സ്ഫോടനങ്ങളും ഉണ്ടായത്. സ്ഫോടനത്തിന് പിന്നില്‍ നിരോധിത സംഘടനയാ ഹര്‍ക്കുത്ത്-ഉല്‍-ജിഹാദി ഇസ്ളാമി (ഹുജി) ആണെന്നാണ് പ്രാഥമിക നിഗമനം. റാംപൂറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ കഴിഞ്ഞ പുതുവത്സരപ്പിറവിദിനത്തില്‍ നടന്ന സ്ഫോടനത്തിലും ഉത്തര്‍പ്രദേശില്‍ ഉണ്ടായ മൂന്ന് സ്ഫോടനപരമ്പരകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ബംാദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹുജി ആയിരുന്നു. സ്ഫോടനം നടത്തിയ രീതികള്‍ വിലയിരുത്തിയാണ് ജയ്പൂര്‍ സ്ഫോടനത്തിന് പിന്നിലും ഹുജിയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ജനത്തിരക്കേറിയ ഭാഗങ്ങളിലാണ് സ്ഫോടനമണ്ടായിരിക്കുന്നത്. ഇവിടുത്തെ ട്രിപോള ബസാറിനടുത്ത ഹനുമാന്‍ ക്ഷേത്രത്തിന് സമീപമാണ് ആദ്യ സ്ഫോടനം ഉണ്ടായത്. നിരവധി ഭക്തര്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കെത്തിയ സമയത്തായിരുന്നു സ്ഫോടനം. പിന്നീട് 15 മിനിറ്റിനുളളില്‍ മാനസ് ചൌക്ക്, ബഡി ചൌപാള്‍, ചോട്ടി ചൌപാള്‍, ജൊഹാരി ബസാര്‍ എന്നിവിടങ്ങളിലും സ്ഫോടനമുണ്ടാവുകയായിരുന്നു. കാറില്‍ ഒളിപ്പിച്ച് വച്ചിരുന്ന് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് യാതൊരുവിവരവും ലഭിച്ചിരുന്നില്ലെന്നും രാജസ്ഥാനില്‍ നടന്നത് ഭീകരാക്രമണമാണെന്നും ഡിജിപി എ.എസ് ഗില്‍ അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് നഗരങ്ങളിലെല്ലാം സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് പൊട്ടാതെ അവശേഷിച്ച ഒരു ബോംബ് നിര്‍വ്വീര്യമാക്കി. സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ ഏതാണെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. കഴിഞ്ഞ ആഴ്ച ജമ്മുവിലെ സാംബ മേഖലിയിലൂടെ തീവ്രവാദികള്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചതും രണ്ട് ദിവസം മുമ്പ് ജമ്മുവില്‍ നടന്ന തീവ്രവാദി അക്രമങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ഇതും ഒരു തീവ്രവാദി അക്രമമാകാനാണ് സാധ്യത. ജമ്മുവില്‍ അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുമ്പോള്‍ തീവ്രവാദി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇൌ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല.സംഭവത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അപലപിച്ചു. രാജസ്ഥാനിലേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രസംഘത്തെ അടിയന്തിരമായി അയക്കുമെന്നും അദ്ദേഹം അറിയിച്ചു. ആക്രമണം ആസൂത്രിതമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ പറഞ്ഞു. ആക്രമണത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലും അപലപിച്ചു. ജയ്പൂര്‍ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മുംബൈയിലും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No comments: