Saturday, May 3, 2008

വിവാദങ്ങളിലൂടെ ശ്രദ്ധേയമാകുന്ന ഐ.പി.എല്‍


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ വിവാദങ്ങളും കളിക്കാര്‍ തമ്മിലുളള പ്രശ്നങ്ങളും കൊണ്ട് ശ്രദ്ധേയമാകുന്നു. ഹര്‍ഭജന്‍ ശ്രീശാന്തിനെ അടിച്ച സംഭവത്തിന്റെ ചൂടാറും മുമ്പേ ഗാംഗുലിയും വോണും തമ്മില്‍ ഇടഞ്ഞതും വിവാദമായി. ഇതേ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ സൌരവ് ഗാംഗുലിക്കും രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്ടനും കോച്ചുമായ ഷെയ്ന്‍ വോണിനും മാച്ച് ഫീയുടെ പത്ത് ശതമാനം പിഴ ചുമത്തി. വ്യാഴാഴ്ച ഇരു ടീമുകളും തമ്മില്‍ നടന്ന മത്സരത്തിനിടയിലുണ്ടായ സംഭവ വികാസങ്ങളാണ് ഇരുവര്‍ക്കെതിരെയും പിഴ വിധിക്കാന്‍ കാരണമായത്. കളിക്കളത്തില്‍ മാന്യമായി പെരുമാറാതിരുന്നതിനും മത്സരം നിയന്ത്രിക്കുന്നവര്‍ക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിനുമാണ് ഇരുവര്‍ക്കെതിരേയും പിഴ ചുമത്താന്‍ തീരുമാനിച്ചത്.കഴിഞ്ഞ ദിവസം കളിക്കിടെ ഗ്രേയിം സ്മിത്ത് എടുത്ത ഗാംഗുലിയുടെ ക്യാച്ചുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. സ്ക്വയര്‍ ലെഗിലെ അംപയര്‍ ഗാംഗുലി ഒൌട്ടാണെന്ന് വിധിച്ചിരുന്നു. 49 റണ്‍സില്‍ നിന്നിരുന്ന ഗാംഗുലി തര്‍ക്കമുന്നയിക്കുകയും സ്മിത്ത് ക്യാച്ച് നിലത്തുനിന്നാണ് എടുത്തതെന്ന് വാദിക്കുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതിനെ തുടന്ന് അംപയര്‍ വിധി നിര്‍ണ്ണയിക്കാനായി തേര്‍ഡ് അംപയറിന് കൈമാറി. സംശയത്തിന്റെ ആനുകൂല്യം നല്‍കി മൂന്നാം അമ്പയര്‍ ഗാംഗുലി ഒൌട്ടല്ലെന്ന് വിധിക്കുകയായിരുന്നു. ഒരു കളിക്കാരന്റെ ആവശ്യ പ്രകാരം തീരുമാനം തേര്‍ഡ് അംപയറിന് നല്‍കിയ അംപയര്‍ പ്രതാപ് കുമാറിനെ ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും ചെയ്തു. ഹര്‍ഭജന്‍-ശ്രീശാന്ത് പ്രശ്നത്തിന് ശേഷമുണ്ടായ പുതിയ വിവാദത്തെ തുടര്‍ന്ന് മാച്ച് റെഫറി ഫറൂഖ് എന്‍ജിയനാണ് മൂവര്‍ക്കും പിഴ വിധിച്ചത്. ഗ്രേയിം സ്മിത്ത് എടുത്തത് കൃത്യമായ ക്യാച്ചായിരുന്നുവെന്നും ഗ്രൌണ്ടില്‍ ഉണ്ടായിരുന്ന രണ്ടാമത്തെ അംപയറിനോട് ആലോചിക്കാതെ വിധി നിര്‍ണയിക്കാനുളള അവകാശം തേര്‍ഡ് അംപയറിന് നല്‍കിയ പ്രതാപ് കുമാറിന്റെ തീരുമാനത്തെ ഷെയ്ന്‍ വോണ്‍ ഗ്രൌണ്ടില്‍ വച്ചുതന്നെ പരസ്യമായി ചോദ്യം ചെയ്തതാണ് ഷെയ്ന്‍ വോണിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. സംഭവങ്ങള്‍ക്ക് ശേഷം ഇരു ക്യാപ്ടന്മാരും നടത്തിയ പരസ്യ പ്രസ്താവനകളും വിവാദത്തിന് തിരികൊളുത്തി.അനാവശ്യമായി സമയം പാഴാക്കിയതിന് ഗാംഗുലിക്കെതിരെ പരാതി നല്‍കുമെന്നും വോണ്‍ നേരത്തെ അറിയിച്ചിരുന്നു. കളി തുടങ്ങി അഞ്ച് മിനിട്ടോളം ഗാംഗുലിക്കായി കാത്തുനില്‍ക്കേണ്ടി വന്നുവെന്നും ഷെയ്ന്‍ വോണ്‍ പറഞ്ഞു. എന്നാല്‍ തന്നെ പഠിപ്പിക്കാന്‍ ഷെയ്ന്‍ വോണ്‍ ആളായിട്ടില്ലെന്ന് ഗാംഗുലിയുടെ അഭിപ്രായം. വോണ്‍ ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ എന്തായിരുന്നു എന്ന് ആളുകള്‍ക്കറിയാമെന്നും ഗാംഗുലി പറഞ്ഞു. ഇതിനിടെ, ഗാംഗുലി ട്വന്റി-20 മത്സരത്തില്‍ നല്ല ക്യാപ്റ്റനല്ലെന്ന് ടീമംഗം കൂടിയായ ഉമര്‍ ഗുല്‍ പറഞ്ഞു. ഏകദിനത്തില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിഭിന്നമാണ് ട്വന്റി-20 യുടെ സ്വഭാവമെന്നും ഗുല്‍ പറഞ്ഞു.

No comments: