Wednesday, May 21, 2008

മുകേഷ് അംബാനിയുടെ ശമ്പളം 44 കോടി


മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് വാര്‍ഷിക ശമ്പളമായി ലഭിച്ചത് 44 കോടി രൂപ. 2007,2008 നികുതി വര്‍ഷത്തിലെ ശമ്പളമായാണ് ഇത്രയും തുക നല്‍കിയതെന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ സ്വന്തം കമ്പനിയില്‍ നിന്ന് ലഭിച്ച ശമ്പളത്തേക്കാള്‍ പതിമൂന്നര കോടി രൂപ അധികമായാണ് ഇക്കൊല്ലം നല്‍കിയതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ശമ്പളവും മറ്റാനുകൂല്യങ്ങളും അടങ്ങുന്നതാണ് 44 കോടി രൂപ. ഇതോടെ ഒരുപക്ഷെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നയാള്‍ മുകേഷ് അംബാനിയാകും. അംബാനി കഴിഞ്ഞാല്‍ മദ്രാസ് സിമന്റ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.ആര്‍.ആര്‍ രാജയാണ് ഏറ്റവും കൂടുതല്‍ വാര്‍ഷിക ശമ്പളം കൈപ്പറ്റുന്നത്. ഇദ്ദേഹത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24.8 കോടി രൂപയാണ് ശമ്പളമിനത്തില്‍ ലഭിച്ചത്. ഇനിയും നിരവധി കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്നതേയുളളൂ.2002 ലാണ് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തിയത് . 2009 ഏപ്രില്‍ വരെയായിരുന്നു അദ്ദേഹത്തിന് അനുവദിച്ചിരുന്ന കാലാവധി. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി കാലാവധി നീട്ടിയിട്ടുണ്ട്. വരുമാനം, ലാഭം ലാഭവിഹിതം എന്നിവയില്‍ കമ്പനിയ പുതിയ റെക്കോര്‍ഡുകള്‍ കൈവരിച്ചതായി മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തും ലോക സമ്പന്നരുടെ പട്ടികയില്‍ 14 ആണ് അംബാനിയുടെ സ്ഥാനം.

No comments: