Wednesday, July 2, 2008

മൈ ഡിയര്‍ കരടി...


ഒറീസ:കാട്ടില്‍ നിന്നും കരടിയെ രക്ഷിച്ച് വീട്ടില്‍ വളര്‍ത്തിയ കുറ്റത്തിന് ഒറീസയിലെ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട യുവാവ് ഫോറസ്റ്റ് അധികൃതരുടെ പിടിയിലായി. 35 കാരനായ രമേശ് മുണ്ടയെയാണ് വനപാലര്‍ റിമാന്‍ഡ് ചെയ്തശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചത്.
സ്വന്തം മകളെ പോലെ റാണിയെന്ന കരടിയെ നോക്കി വളര്‍ത്തിയതിനാണോ തന്നെ അറസ്റ്റ് ചെയ്തതെന്ന രമേശിന്റെ ചോദ്യത്തിന് വനപാലകര്‍ക്കും കൃത്യമായ മറുപടിയില്ല. റാണിയും രമേശും തമ്മിലുളള അഗാധമായ ബന്ധം മനസിലാക്കാന്‍ ഇനിയും വനപാലകര്‍ക്കായിട്ടില്ലെന്ന് ഇവിടുത്തെ നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒറീസയിലെ ഘോരവനമായ കിയോഞ്ചാറില്‍ നിന്നും രമേശ് കരടി കുട്ടിയെ കണ്ടെടുത്തത്. റാണിയെന്ന പേരും നല്‍കി സ്വന്തം മകളെപോലെയാണ് രമേശ് കരടിയെ വളര്‍ത്തിയത്. വീട്ടിലെ മറ്റൊരംഗത്തെ പോലെ രമേശ് റാണിയെ വളര്‍ത്തി. 



സ്വന്തം മകള്‍ ഗുല്‍ക്കിയെ മുന്‍വശത്തും റാണിയെ പിന്നിലും ഇരുത്തിയുളള രമേശിന്റെ സൈക്കിള്‍ യാത്ര നാട്ടുകാര്‍ക്ക് ഹരമായിരുന്നു. രമേശുമായും മകളുമായും പ്രത്യേക സൌഹൃദം പുലര്‍ത്തിയ റാണിയുടെ രീതികള്‍ ഇവിടുത്തെ പ്രദേശിക പത്രങ്ങളില്‍ വാര്‍ത്ത സൃഷ്ടിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. സംഭവമറിഞ്ഞ വനപാലകര്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം രമേശിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. റാണിയെ വനപാലകര്‍ നന്തന്‍കാണന്‍ മൃഗശാലയിലേക്ക് അയക്കുകയും ചെയ്തു. മൃഗശാലയിലേക്ക് മാറ്റപ്പെട്ട റാണി ആഴ്ചകളോളം ആഹാരം കഴിക്കാന്‍ പോലും കൂട്ടാക്കിയിരുന്നില്ലെന്ന് മൃഗശാല അധികൃതരും പറയുന്നു. സ്വന്തം മകളായ ഗുല്‍ക്കിയെ പോലെയാണ് താന്‍ റാണിയേയും വളര്‍ത്തിയതെന്ന് രമേശ് പറയുന്നു. അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയ രമേശ് റാണിയെ കാണാന്‍ അനുവദിക്കണമെന്ന് മൃഗശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അധികൃതര്‍ തങ്ങളെ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് രമേശും മകള്‍ ഗുല്‍ക്കിയും.

2 comments:

Unknown said...

നല്ല വാര്‍ത്ത.. തുടര്‍ന്നും എഴുതുമല്ലോ?
by Rev Iyer

Unknown said...
This comment has been removed by the author.