Tuesday, July 29, 2008

നാട്ടുകാര്‍ നായയെ കോടതി കയറ്റി

പാറ്റ്ന: നിരവധിപ്പേരെ കടിക്കുകയും സ്വൈര്യ ജീവിതം തടസപ്പെടുത്തുകയും ചെയ്തതിന് നായയെ നാട്ടുകാര്‍ കോടതി കയറ്റി. ബീഹാറിലെ പാറ്റ്നയില്‍ നിന്നും 140 മൈല്‍ അകലെയുളള പുരിനിയയിലാണ് ഇൌ അസാധാരണ സംഭവം നടന്നത്. എന്നാല്‍ തനിക്കെതിരെയുളള കുറ്റാരോപണങ്ങള്‍ എല്ലാം വളരെ ശാന്തനായി ഇരുന്നുകേട്ട ചോട്ടു എന്ന നായ കോടതിയില്‍ എത്തിയ കാഴ്ചക്കാര്‍ക്കും കൌതുകമുണര്‍ത്തി. നിരവധിപ്പേര്‍ ഉണ്ടായിരുന്നെങ്കിലും ഒന്ന് കുരക്കുക പോലും ചെയ്യാതെ ചോട്ടു, കൂസലില്ലാതെ കോടതി മുറിയില്‍ ഇരുന്നു. ചോട്ടുവിന്റെ കോടതിയിലെ നല്ലപെരുമാറ്റം പ്രതി ഭാഗം വക്കീലിനും തുണയായി. എന്നാല്‍ ചോട്ടു അത്ര കണ്ട് ശാന്തനല്ലെന്ന് മുന്‍ കാല ചരിത്രവും വ്യക്തമാക്കുന്നുണ്ട്.
സമാനമായ കുറ്റത്തിന് ചോട്ടുവിനെ അഞ്ചു വര്‍ഷം മുമ്പ് കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാല്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഇടപെട്ടതിനെ അന്ന് ചോട്ടു തലയൂരി പോരുകയായിരുന്നു. കോടതിയില്‍ ശാന്തനായി ഇരുന്നെങ്കിലും തന്റെ യജമാന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ കടന്ന് വരുന്നവരെ ചോട്ടുവിടാറില്ല. ഇതാണ് ഇവിടുത്തെ നാട്ടുകാരെ ചൊടിപ്പിച്ചതും കേസ് കോടതി വരെ എത്തിച്ചതും.
എന്നാല്‍ കേസുകള്‍ അടുത്തുളള വീട്ടുകാര്‍ കെട്ടിച്ചമച്ചതാണെന്നാണ് ചോട്ടുവിന്റെ ഉടമ രാജ്കുമാരി ദേവി പറയുന്നത്. അടുത്തുളളവര്‍ താനുമായി അതിര്‍ത്തി തര്‍ക്കമുണ്ടെന്നും തന്റെ വീട്ടിന്റെ ആധാരം കൈക്കലാക്കാന്‍ അനധികൃതമായി എത്തുന്നവരെ മാത്രമേ ചോട്ടു ആക്രമിക്കാറുളളൂവെന്നും രാജ്കുമാരി പറയുന്നു. വിധവയായ രാജ്കുമാരി തനിച്ചാണ് ഇവിടെ താമസം. ഇവരുടെ പൂര്‍ണ്ണസംരക്ഷണ ചുമതല ചോട്ടുവിനാണ്. മറ്റൊരു വധശിക്ഷയാണോ ചോട്ടുവിനെ തേടിയെത്തുന്നതെന്നറിയാന്‍ കോടതി വിധി പ്രസ്താവിക്കുന്ന ആഗസ്ത് 5 വരെ കാത്തിരിക്കണം.

No comments: