Saturday, July 12, 2008

യാചകയുടെ 'മണി' കിലുക്കം


കൊല്‍ക്കത്ത: ലക്ഷ്മിദാസ് എന്ന യാചകക്ക് ഇനി ആരുടെ മുന്നിലും കൈനീട്ടാതെ അന്തസ്സായി കഴിയാം. കാരണം ഇവര്‍ തന്റെ ജീവിതത്തില്‍ പലരോടായി കൈനീട്ടി സമ്പാദിച്ചത് മുപ്പതിനായിരത്തിലധികം രൂപയാണ്. ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച ഇൌ തുക കൊണ്ട് ശേഷിക്കുന്ന കാലം സുഖമായി ജീവിക്കാമെന്ന ഉത്തമ വിശ്വാസം അവര്‍ക്കുണ്ട്. 40 വര്‍ഷത്തെ ഭിക്ഷാട ജീവിതത്തിലൂടെയാണ് 90 കിലോ ഭാരം വരുന്ന നാണയങ്ങള്‍ ലക്ഷ്മി സ്വരുക്കൂട്ടിയത്. കൊല്‍ക്കത്ത സ്വദേശിയായ ലക്ഷ്മി പലരോടായി ഭിക്ഷാടനം നടത്തി സ്വരുകൂട്ടിയ പൈസ ബാങ്കില്‍ നിക്ഷേപിച്ചതോടെയാണ് ഇവരുടെ 'മണി' കിലുക്കത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്. 90 കിലോ ഭാരം വരുന്ന നാണയങ്ങളാണ് ഇവര്‍ തന്റെ 40 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഭിക്ഷയെടുത്ത് സ്വരുക്കൂട്ടിയത്. ഇത് ഏകദേശം 30,000 ല്‍ അധികം വരുമെന്ന് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തി. നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താനായി കൊല്‍ക്കത്തയിലെ മാണിക്തോള സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നാല് ദിവസങ്ങളാണ് വേണ്ടി വന്നത്. പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് ചെറുപ്പത്തിലെ ഭിക്ഷാടനത്തിനെത്തിയ ലക്ഷി, പ്രായാധിക്യമായതിനാല്‍ ഇനിയുളള കാലം തന്റെ 'തൊഴില്‍' ചെയ്യാനാവാതെ വന്നാലോ എന്ന് കരുതിയാണ് ഇതുവരെ മിച്ചം വച്ച സമ്പാദ്യമെല്ലാം ബാങ്കില്‍ നിക്ഷേപിച്ച് ശിഷ്ടകാലം സുഖമായി കഴിയാന്‍ തീരുമാനിച്ചത്. ലക്ഷ്മി തന്റെ പതിനേഴാം വയസിലാണ് ഭിക്ഷാടനത്തിനിറങ്ങിയത്. തനിക്ക് ലഭിക്കുന്ന നാണയങ്ങളെല്ലാം തന്റെ കൊച്ചുവീട്ടിലെ ബക്കറ്റില്‍ ഇട്ട് സൂക്ഷിക്കുകയായിരുന്നു. നാല് ബക്കറ്റുകളില്‍ നാണയങ്ങള്‍ നിറഞ്ഞതോടെയാണ് ഇവ ബാങ്കില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. പണം അമിതമായി ധൂര്‍ത്ത് അടിക്കുന്നവര്‍ക്ക് ലക്ഷ്മി ദാസിന്റെ ജീവിതം പാഠമാവുകയാണെന്ന് ബാങ്ക് മാനേജര്‍ ടി.കെ ഹല്‍ദാര്‍ പറഞ്ഞു. ജീവിതത്തില്‍ എത്ര രൂപ നേടിയാലും യാതൊന്നും സമ്പാദിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. എന്നാല്‍ പ്രത്യേകിച്ച് യാതൊരു വരുമാനവും ഇല്ലാതെ പലരോടായി കൈനീട്ടി വാങ്ങിയ ചില്ലറകള്‍ സ്വരുക്കൂട്ടിയാണ് ലക്ഷ്മി 30,000 ല്‍ അധികം രൂപ സമ്പാദിക്കാനായത്. ലക്ഷ്മിയുടെ കഥ ധൂര്‍ത്തന്മാരുടെ കണ്ണ് തുറപ്പിക്കാനാകട്ടെയെന്ന് ബാങ്ക് മാനേജര്‍ അഭിപ്രായപ്പെട്ടു.

No comments: