Tuesday, April 15, 2008

ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന ഹീലി

ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന ഹീലി
ദുബായ്: ഏഴ് ഭൂഖണ്ഡങ്ങളിലായി ഏഴ് മാരത്തോണ്‍ സംഘടിപ്പിക്കണമെന്ന അന്ധനായ ഡേവ് ഹീലിയുടെ ആഗ്രഹത്തിലേക്ക് ഇനി രണ്ട് മാരത്തോണുകള്‍ മാത്രം ശേഷിക്കുന്നു. അഞ്ചാമത്തെ മാരത്തോണ്‍ ഇന്നലെ ദുബായിലെ സഫാ പാര്‍ക്കില്‍ നടന്നു. 42.2 കിലോമീറ്റര്‍ ദൂരം 4 മണിക്കൂറും 55 മിനിറ്റും കൊണ്ടാണ് ഹീലി ഒാടിയെത്തിയത്. 13 ലാപ്പുകളിലായി ഒാടിയെത്തിയ ഹീലി തികച്ചും വികാരാധീനനായി കാണപ്പെട്ടു. ''ദുബായില്‍ നിന്ന് എനിക്ക് ലഭിച്ച സഹകരണത്തിന് നന്ദി. എന്നാല്‍ ഇവിടുത്തെ കഠിനമായ ചൂട് എന്നെ കുഴപ്പിച്ചു. ഇവിടെയെത്തി എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി''. മാരത്തോണ്‍ പൂര്‍ത്തിയാക്കിയ ശേഷം ഹീലി പറഞ്ഞു.ഏകദേശം 150 ഒാളം പേര്‍ ഹീലിക്ക് പിന്തുണയുമായി സഫാ പാര്‍ക്കിലെത്തിയിരുന്നു. രാവിലെ 8.15 നാണ് മാരത്തോണ്‍ ആരംഭിച്ചത്. കഠിനമായ ചൂടിനെ അവഗണിച്ച് നിരവധിപ്പേര്‍ ഹീലിക്കൊപ്പം മാരത്തോണില്‍ പങ്കെടുത്തു. ആസ്ട്രേലിയയില്‍ വച്ച് സംഘടിപ്പിച്ച നാലാമത്തെ മാരത്തോണിന് ശേഷം നേരെ ദുബായിലേക്ക് എത്തുകയായിരുന്നു ഹീലി. ഇദ്ദേഹത്തിന്റെ വഴികാട്ടിയായി മാല്‍ക്കം കാര്‍ എന്ന സുഹൃത്ത് ഹീലിക്കൊപ്പമുണ്ടായിരുന്നു. ഏഴ് ദിവസങ്ങള്‍ക്കുളളില്‍ ഏഴ് ഉപഭൂഖണ്ഡങ്ങളിലായി ഏഴ് മാരത്തോണുകളില്‍ പങ്കെടുക്കുകയെന്ന ഹീലിയുടെ ദൌത്യം പൂര്‍ണ്ണമാകുന്നതോടെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ അന്ധനാണ് ഹീലി. ഫാല്‍ക്ക്ലാന്‍ഡിലെ പോര്‍ട്ട് സ്റ്റാന്‍ലി, തെക്കന്‍ അമേരിക്കയിലെ റിയോ, വടക്കന്‍ അമേരിക്കയിലെ ലോസ് ഏഞ്ചലസ്, ആസ്ട്രേലിയയിലെ സിഡ്നി, ദുബായ് എന്നിവിടങ്ങളിലാണ് ഹീലി തന്റെ മാരത്തോണുകള്‍ സംഘടിപ്പിച്ചത്. ശേഷിക്കുന്നവ ആഫ്രിക്കയിലെ ട്യൂണിസിലും അവസാനത്തേത് ലണ്ടനിലുമായി നടക്കും.കാഴ്ച ശക്തി ഇല്ലാത്തത് മാനുഷിക നേട്ടങ്ങള്‍ക്ക് തടസ്സമാവില്ലെന്ന സന്ദേശം ഏഴ് ഭൂഖണ്ഡങ്ങളിലും എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ലണ്ടനിലെ അവസാന മാരത്തോണും പൂര്‍ത്തിയാകുമ്പോള്‍ അന്ധനായ ഹീലി 183.4 മൈലുകള്‍ മാരത്തോണില്‍ ഒാടിയെത്തും

No comments: