Sunday, September 21, 2008

വാഹനാപകടങ്ങള്‍ക്ക് കാരണം മിനിസ്കേര്‍ട്ട്

സ്ത്രീകള്‍ മിനിസ്കേര്‍ട്ട് ധരിക്കുന്നതുകൊണ്ടാണ് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സാബാ ബുട്ടൂറോ. അതിനാല്‍ ഉടന്‍ തന്നെ ഇവിടെ മിനിസ്കേര്‍ട്ട് ധരിക്കുന്നത് നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഴിയോരങ്ങളില്‍ 'കുട്ടിപാവാട' ധരിച്ച് നടക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധപാളുന്നതിനാലാണ് അപകടം പെരുകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മിനിസ്കേര്‍ട്ട് ധരിച്ച് നടക്കുന്നത് നഗ്നമായി നടക്കുന്നതിന് തുല്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കംമ്പാലയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി നടത്തിയ പ്രസ്താവനകള്‍ വാര്‍ത്താലേഖകര്‍ക്കിടയില്‍ കൂട്ടച്ചിരി പടര്‍ത്തി. വാഹനമോടിക്കുന്നവരില്‍ പലരും മാനസികമായി ദുര്‍ബലന്മാരാണെന്നും അതിനാല്‍ അല്‍പ്പവസ്ത്ര ധാരിണികളെ കണ്ടാല്‍ അവരുടെ നിയന്ത്രണം വിടുമെന്നും മന്ത്രി അറിയിച്ചു. മാന്യമായി വസ്ത്രം ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും ബുട്ടൂറോ പറഞ്ഞു. എന്തായാലും മന്ത്രിയുടെ പ്രസ്താവനകള്‍ ഉഗാണ്ടയില്‍ വിവാദമായിരിക്കുകയാണ്. വസ്ത്രധാരണം വ്യക്തി താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കണമെന്ന വാദവുമായി നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

1 comment:

ദുശ്ശാസ്സനന്‍ said...

This one is too good. Haven't seen in any of the celebrated news channels... Ithu nee undakkiyathallallo alle